ഡാളസ്: സെന്റ് ഇഗ്നേഷ്യസ് യാക്കോബൈറ്റ് സിറിയക് ഓര്‍ത്തഡോക്‌സ്

കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനയുടെ ഓര്‍മപ്പെരുന്നാളും, നാല്‍പ്പതാം വാര്‍ഷികാഘോഷവും ഒക്‌ടോബര്‍ എട്ടാംതീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ.ഡോ. രഞ്ജന്‍ മാത്യു, റവ.ഫാ. മാത്യു മണലേല്‍ചിറ എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കംകുറിച്ചു. 

ഒക്‌ടോബര്‍ 13-നു വെള്ളിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു 6.45-നു വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികളുടെ റിഹേഴ്‌സല്‍ പൂര്‍ത്തിയായിവരുന്നതായി ഭക്തസംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മനഹീനയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ഒക്‌ടോബര്‍ 14-ന് ശനിയാഴ്ച വൈകിട്ട് 6.15-നു അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തും. 15-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് അഭി. മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. 

ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തപ്പെടും. 

നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈവര്‍ഷം ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി, ഹൈറേഞ്ച് മേഖലയില്‍പ്പെട്ട നിര്‍ധനരും, ഭവനരഹിതരുമായ നാലു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഭവന നിര്‍മ്മാണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും. 

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത് അബ്രഹാം കോര, അലക്‌സ് തോമസ്, ബോബി പോള്‍, കര്യാക്കോസ് ജോണ്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ്. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related News

Go to top