ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹമെത്രാനായി

ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍ ഇന്ന് അഭിഷിക്തനാകും. അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ഉച്ചയ്ക്കു 2.30നു നടക്കുന്ന ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികനാകും.

കൊച്ചി രൂപതാ ബിഷപ് ഡോ. ജോസഫ് കരിയിലും കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാന്‍ലി റോമനും സഹകാര്‍മികരാകും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി മോണ്‍. ഡോ. ഹെന്‍ട്രി ജഗോസ് സിന്‍സ്ക്രി ഔദ്യോഗിക ഡിക്രി വായിക്കും.

രൂപതയിലെ 73 ദേവാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിശ്വാസികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കും. കേരളത്തില്‍ നിന്നും പുറത്തുനിന്നുമായി നാല്പതിലധികം ബിഷപ്പുമാരാണ് ചടങ്ങില്‍ പങ്കെടുക്കുക. അഭിഷേക ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും നടത്തും.

ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, കെ.വി. തോമസ്, എംഎല്‍എ കെ.ജെ. മാക്‌സി, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. മുന്‍ എംപി ഡോ. കെ.എസ്. മനോജ് മംഗളപത്രം സമര്‍പ്പിക്കും. വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം സ്വാഗതവും ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശേരി നന്ദിയും പറയും.

Related News

Go to top