ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ മേലധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ

മെത്രാപ്പോലീത്ത ഫെബ്രുവരി 8ന് സഭയുടെ ബിഷപ് ആയിട്ട് 43 വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാര്‍ മെത്രാപ്പോലീത്തയെ ആശംസകള്‍ അറിയിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയും ബെല്‍ജിയം ആര്‍ച്ച് ബിഷപ്പുമായ മോര്‍ ജോര്‍ജ്ജ് ഖൂറി മെത്രാപ്പോലീത്ത മാര്‍ത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല പൂലാത്തിനില്‍ എത്തി നേരിട്ട് അനുമോദനങ്ങള്‍ നേര്‍ന്നു.

പുരാതനമായ മാരാമണ്‍ പാലക്കുന്നത്തു കുടുംബത്തില്‍ 1931 ജൂണ്‍ 27ന് ജനിച്ച ഡോ.ജോസഫ് മാര്‍ത്തോമ്മ 1957 ഒക്ടോബര്‍ 18ന് പട്ടത്വശുശ്രൂഷയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് 1975 ഫെബ്രുവരി 8ന് എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്തു. 

2017 ഒക്ടോബര്‍ 18ന് പട്ടത്വശുശ്രൂഷയില്‍ 60 വര്‍ഷം പൂര്‍ത്തീകരിച്ചു.ജൂണ്‍ 27ന് 87 വയസ്സ് പൂര്‍ത്തീകരിക്കുന്ന ഡോ.ജോസഫ് മാര്‍ത്തോമ്മ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മാരുതി 800 കാറില്‍ തിരുവല്ലായില്‍ നിന്നും സ്വന്തമായി ഡ്രൈവ് ചെയ്ത് മാരാമണ്ണില്‍ വന്ന് ഞായറാഴ്ച ആരംഭിക്കുന്ന 123-മത് മാരാമണ്‍ കണ്‍വെന്‍ഷന്റെ കാല്‍നട്ടു കര്‍മ്മം കഴിഞ്ഞ മാസം നിര്‍വഹിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.

അമേരിക്കയിലെ വെര്‍ജീനിയ സെമിനാരി, സെറാമ്പൂര്‍ യൂണിവേഴ്സിറ്റി, അലഹബാദ് അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് ഡോക്ട്റേറ്റ് കരസ്ഥമാക്കിയ ഡോ.ജോസഫ് മാര്‍ത്തോമ്മ 2007 ഒക്ടോബര്‍ 2 മുതല്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി തുടരുന്നു.

ഷാജി രാമപുരം

Related News

Go to top