ആത്മീയ ചൈതന്യത്തിന്റെ നിറവ് പകര്‍ന്നേകി ഒരു ജനതയെ ഒന്നാകെ ജപമാലമണികളില്‍

കോര്‍ത്തിണക്കിയ ഇടയശ്രേഷ്ഠന്‍ വിടപറഞ്ഞു.  നിശബ്ദസേവനങ്ങളുടെ ഉത്തമഉദാഹരണവും സൌമ്യസാന്നിധ്യവും വിശ്വാസിസമൂഹത്തിന് മാര്‍ഗ്ഗദീപവുമായി കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരിജനറാളും തുടര്‍ന്ന് 1986 ജനുവരി 18 മുതല്‍ അഡ്മിനിസ്ട്രേറ്ററും 1987-ഫെബ്രുവരി 26 മുതല്‍ 2001 ജനുവരി 19 വരെ രൂപതാധ്യക്ഷനുമായി ഒന്നരപ്പതിറ്റാണ്ടുകാലം വിശ്വാസിസമൂഹത്തെ മുന്നോട്ടുനയിച്ച വട്ടക്കുഴിപിതാവിന്റെ വേര്‍പാട് വേദനയുളവാക്കുന്നു.  

1930 ഫെബ്രുവരി 2ന് പൊന്‍കുന്നത്തിനടുത്ത് ചെങ്കല്‍ ഇടവകയില്‍ വട്ടക്കുഴി കുര്യാക്കോസ്-റോസമ്മ ദമ്പതികളുടെ മകനായി പിറന്ന കുഞ്ഞാപ്പച്ചന്‍ 86 വര്‍ഷങ്ങള്‍ക്കുശേഷം ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടിരിക്കുമ്പോള്‍ അനേകായിരങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളില്‍ മറക്കാനാകാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളും ബാക്കിയാകുന്നു.  സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് ഈശോയുടെ വിളി സ്വീകരിച്ച് 1947 ജൂണ്‍മാസം വൈദികവിദ്യാര്‍ത്ഥിയായി ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.  ശ്രീലങ്കയിലെ കാന്‍ഡിയിലെയും പൂനയിലെയും മേജര്‍സെമിനാരികളിലെ വൈദിക പഠത്തിനുശേഷം 1956 ജൂണ്‍ 1ന് പൌരോഹിത്യം സ്വീകരിച്ചു.  1977 മെയ് 12ന് കാഞ്ഞിരപ്പള്ളി രൂപതയിലെ വികാരിജനറാളായി നിയമിക്കപ്പെട്ടു.  തുടര്‍ന്ന് അഡ്മിനിസ്ട്രേറ്ററും രൂപതാധ്യക്ഷനുമായുള്ള 15 വര്‍ഷക്കാലം കാഞ്ഞിരപ്പള്ളി രൂപതയുടെ കൌമാരദശയിലെ അവിസ്മരിണീയ കാലഘട്ടമാണ്.  

തന്റെ പ്രവര്‍ത്തനമേഖലയിലുടനീളം സ്വതസിദ്ധമായ ശാന്തതയും സമയനിഷ്ഠയും ക്രമവും പിതാവിനുണ്ടായിരുന്നു.  സ്നേഹത്തില്‍ ശുശ്രൂഷ ആപ്തവാക്യമായി സ്വീകരിച്ച് വിശ്വാസിസമൂഹത്തിനൊന്നാകെ സ്നേഹം പങ്കുവച്ച് സേവനത്തിന്റെ പുത്തന്‍പാത തുറന്നുകൊടുക്കുവാന്‍ വട്ടക്കുഴിപിതാവിന് സാധിച്ചു. ഔദ്യോഗിക തിരക്കുകളിലും ഇടവേളകള്‍ കണ്ടെത്തി വായനയുടെ ലോകത്തിലേയ്ക്ക് കടന്നുചെന്ന് ആഴമായ പഠനങ്ങളിലൂടെ ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് തന്റെ അജഗണത്തെ നയിക്കുവാന്‍ പിതാവിനായി. 

മലനാടും ഇടനാടും ഇടകലര്‍ന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുക്കിലും മൂലയിലും വാക്കിലും പ്രവര്‍ത്തികളിലുമായി തന്റെ നിറസാന്നിധ്യം അറിയിക്കുക മാത്രമല്ല സ്നേഹചൈതന്യം പങ്കുവെയ്ക്കുവാനും പിതാവ് ശ്രമിച്ചു.  അണക്കരയില്‍ പണിതുയര്‍ത്തിയ പാസ്റ്ററല്‍ ആനിമേഷന്‍ സെന്റര്‍ ഹൈറേഞ്ചില്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്നപ്പോള്‍ ആവേ മരിയ പ്രാര്‍ത്ഥനാകേന്ദ്രം ലോറേഞ്ചില്‍ ആത്മീയ ഉണര്‍വ്വേകി.  ഹോം ഓഫ് പീസ്, വിയാനി ഹോം, സെറിനിറ്റി ഹോം എന്നിവ എളിയ ശുശ്രൂഷകളുടെ വലിയ നന്മകളാണ്.  പീരുമേട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുട്ടിക്കാനം മരിയന്‍ കോളജിനും കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിംഗ് കോളജിനും തുടക്കമിട്ടത് വട്ടക്കുഴിപിതാവിന്റെ കാലത്താണ്.  ബിഷപ് ഹൌസില്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ സഭയിലെ അല്മായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചത് ഞാനോര്‍ത്തുപോകുന്നു.  ഭരണസാരഥ്യത്തില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന വേളകളില്‍പോലും അനാരോഗ്യം അവഗണിച്ചുകൊണ്ട് അജപാലനശുശ്രൂഷയില്‍ വട്ടക്കുഴിപിതാവ് ആനന്ദം കണ്ടെത്തി.  രൂപതാ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളുടെ സമ്പത്ത് അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന് പിതൃസ്നേഹത്തോടെ പങ്കുവയ്ക്കുവാനും വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുവാനും അദ്ദേഹം മറന്നില്ല.  നാലുമണിസമയത്തെ നടപ്പുവേളകളില്‍ ജപമാലമന്ത്രങ്ങള്‍ ഉരുവിട്ട് കണ്ടുമുട്ടുന്നവരെ നിറപുഞ്ചിരിയോടെ കീഴടക്കുവാനും ആത്മീയശ്രേഷ്ഠനായി.  സ്നേഹത്തില്‍ അധിഷ്ഠിതമായ ശുശ്രൂഷയുടെ ഉന്നതതലങ്ങളിലേയ്ക്ക് സഭാമക്കളെ കൈപിടിച്ചുയര്‍ത്തിയ പ്രിയപിതാവിന്റെ സ്മരണകള്‍ക്കുമുമ്പില്‍ പ്രാര്‍ത്ഥനാമലരുകള്‍.   

Go to top