പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല.

അപ്പസ്തോലനായ പൌലോസ് പ്രേക്ഷിത ദൌത്യത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ക്രിസ്തുവിന്റെ ഉത്തമസാക്ഷിയായി മഹത്വമായ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ എഫെസോസില്‍ എത്തി അവിടെയുള്ള ശിഷ്യന്മാരെ കണ്ടിട്ട് അവരോട് ചോദിച്ചതാണ് നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? അവരുടെ മറുപടി പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല. ഈ കാലഘട്ടത്തിന് അനുയോജ്യമായ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. 

എല്ലാ പെന്തെക്കോസ്ത് സഭകളും അംഗീകരിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന വിശ്വാസപ്രമാണങ്ങളാണ് മാനസ്സാന്തരം, വിശ്വാസസ്നാനം, പരിശുദ്ധാത്മസ്നാനം, വേര്‍പാട്, അപ്പസ്തോലിക ഉപദേശം, കചര്‍തൃമേശ, പ്രാര്‍ത്ഥന.

മാനസാന്തരത്തിനും ജലസ്നാനത്തിനും മാത്രം പ്രാധാന്യം കല്‍പ്പിക്കുകയും മറ്റുള്ളവ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ബഹുഭൂരിപക്ഷം സഭാശുശ്രൂഷകരും അംഗീകരിച്ചിരിക്കുന്നത്. തത്ഫലമായി സഭാവിശ്വാസികള്‍ പരിശുദ്ധാത്മാവിന്റെ ആവശ്യകതയെക്കുറിച്ച് അജ്ഞാതരായിത്തീരുകയും അതോടൊപ്പം വിശ്വാസജീവിതത്തില്‍ പരാജിതരായി തീരുവാനുള്ള സാധ്യതയുമാണ് വര്‍ദ്ധിക്കുന്നത്. 

പെന്തെക്കോസ്ത് സഭകളുടെ പ്രാരംഭകാലഘട്ടത്തില്‍ ഒരു വ്യക്തി രക്ഷിക്കപ്പെട്ട് ജലസ്നാനം സ്വീകരിച്ച്കഴിഞ്ഞാല്‍ പരിശുദ്ധാത്മസ്നാനത്തിനായി സഭാശുശ്രൂഷകര്‍ സഭകളില്‍ പ്രത്യേക യോഗങ്ങള്‍ ക്രമീകരിക്കുമായിരുന്നു. കാത്തിരിപ്പുയോഗങ്ങള്‍ എന്ന അപരനാമത്തിലാണ് ഈ യോഗങ്ങളെ അറിയപ്പെട്ടിരുന്നത്. കാലാനുസരണം ഉപദേശത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഉപദേശത്തില്‍ അയവ് സംഭവിച്ചത്? അതിനു ധാരാളം കാരണങ്ങളുണ്ട്. സഭാശുശ്രൂഷകരില്‍ ഒരുവിഭാഗം പരിശുദ്ധാത്മസ്നാനം പ്രാപിക്കാത്തവരാണെന്ന കാര്യം ഇവിടെ നിഷേധിക്കുന്നില്ല. പരിശുദ്ധാത്മസ്നാനം പ്രാപിക്കാത്തവരെ സഭാശുശ്രൂഷകരായി നിയോഗിക്കില്ലായിരുന്നു. ഇന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. 

പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിട്ട് പാപം ചെയ്ത് കൃപനഷ്ടപ്പെട്ടവരും ഇടയശുശ്രൂഷ നിര്‍വ്വഹിക്കുന്നുണ്ട്. ഇവിടെ സഭ വളരുകയല്ല തളരുകയാണ് ചെയ്യുന്നത്. എല്ലാ സഭാശുശ്രൂഷകര്‍ക്കും വ്യക്തമായ ദര്‍ശനം ഉണ്ടായിരിക്കണം. ദര്‍ശനം ഇല്ലാത്തിടത്താണ് ജനം നശിക്കുന്നത്. 

വര്‍ഷങ്ങള്‍ നാം എത്ര പിന്നിട്ടാലും, ജീവിതയാത്രയില്‍ പരദേശിയായാലും, പ്രവാസിയായാലും ദൈവവചനത്തിന് ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. 

പെന്തെക്കോസ്ത് നാളിനുശേഷം ദീര്‍ഘവര്‍ഷങ്ങള്‍ കഴിഞ്ഞാണ് എഫെസോസില്‍ ആത്മപകര്‍ച്ച ഉണ്ടായത്. ഇവിടെയുള്ള വിശ്വാസികള്‍ അപ്പല്ലോസില്‍ നിന്ന് സുവിശേഷംകേട്ട് വിശ്വസിച്ച് രക്ഷിക്കപ്പെട്ടവരായിരുന്നു. യോഹന്നാന്റെ സ്നാനത്തെക്കുറിച്ച് അറിവുള്ള ഇവരെ പൌലോസ് വീണ്ടും സ്നാനപ്പെടുത്തുന്നു. അതിനുശേഷം പൌലോസ് അവരുടെമേല്‍ കൈവച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. സ്നാനപ്പെട്ട വിശ്വാസികള്‍ ആത്മജ്ഞാനം പ്രാപിക്കണമെന്ന സന്ദേശമാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. പൌലോസിന്റെ ചോദ്യം വളരെ ശ്രദ്ധേയമാണ്. നിങ്ങള്‍ രക്ഷിക്കപ്പെട്ടവരാണോ? എന്നതല്ല, പ്രത്യുത നിങ്ങള്‍  വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നതാണ്. രക്ഷിക്കപ്പെട്ട വ്യക്തികളില്‍ പരിശുദ്ധാത്മാവ് ഉണ്ടെങ്കിലും ആത്മജ്ഞാനത്തിനായി വളരെ ശക്തിയേറിയ പ്രാര്‍ത്ഥന വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യഘടകമാണ്. ഇതിന്റെ ആവശ്യമല്ലെന്ന് പഠിപ്പിക്കുന്നവരും വാദിക്കുന്നവരും അനവധിയാണ്. 

ആദിമസഭയുടെ വളര്‍ച്ച പരിശോധിച്ചാല്‍ വ്യക്തിജീവിതത്തിലും പ്രാദേശിക സഭാതലത്തിലും പരിശുദ്ധാത്മപ്രവര്‍ത്തനത്താല്‍ സംഭവിച്ച നിരവധി അത്ഭുതങ്ങള്‍ ചരിത്രാതീതമായി ഇന്നും നിലനില്‍ക്കുന്നു. ആയതുകൊണ്ട് പ്രവാസിപെന്തെക്കോസ്ത് സഭകളിലെല്ലാം സഭയുടെ അടിസ്ഥാന ഉപദേശങ്ങളും പരിശുദ്ധാത്മാഭിഷേകത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശ്വാസികളെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടുന്ന ദൌത്യം സഭാശുശ്രൂഷകരില്‍ നിഷിപ്തമാണ്. 

അനുദിനജീവിതത്തില്‍ ലക്ഷ്യത്തിലേക്കുള്ളയാത്ര വിജയിക്കണമെങ്കില്‍ പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും നമ്മില്‍ ബോധം വരുത്തുന്ന പരിശുദ്ധാത്മാവിന്‍ നിയോഗത്തിലാണ് പ്രവാസജീവിതം നയിക്കേണ്ടത്. പുതിയനിയമസഭ രാജകീയ പുരോഹിതവര്‍ഗ്ഗമാകയാല്‍ എല്ലാ വിശ്വാസികളും ആത്മാഭിഷേകം പ്രാപിക്കണം. ഇതൊരു ദിവ്യാനുഭവമാണ്. അനുഭവിച്ചറിയുക. നമ്മുടെ സന്തോഷവും പ്രത്യാശയും അനുദിനം വര്‍ദ്ധിക്കുമെന്നതിന് രണ്ടുപക്ഷമില്ല. കര്‍ത്താവിന്റെ വരവിനായി ഒരുങ്ങുക. അതായിരിക്കട്ടെ നമ്മുടെ പ്രവാസ ജീവിതലക്ഷ്യം.  

 

Go to top