ഐഖ്യതയുടേയും സ്നേഹത്തിന്റേയും നവ്യാനുഭവം പകരുന്ന പ്രവാസികളുടെ

പെന്തെക്കോസ്ത് കോണ്‍ഫറന്‍സ് വിശ്വാസ സമൂഹത്തിന് ആത്മസംതൃപ്തിയുടെ അസുലഭദിനങ്ങളാണ് സമ്മാനിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ തിരക്കുള്ള ജീവിതശൈലിയില്‍ നിന്ന് അല്‍പനേരത്തേക്കുള്ള വിടവാങ്ങല്‍. ആരാധനയുടെ അവര്‍ണ്ണനീയ അനുഭവം ഏറ്റുവാങ്ങാന്‍ ലഭിക്കുന്ന ആത്മീയ സംഗമം പ്രത്യാശയുടെ തീരത്തേക്കുള്ള ജൈത്രയാത്രയാണ്. ദര്‍ശനമുള്ള സംഘാടകര്‍ക്കാണ് ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ സാധിക്കുന്നത്. സംഘാടകര്‍ പലവിധ ലക്ഷ്യങ്ങളാണ് മനസ്സില്‍ കരുതുന്നതെങ്കില്‍, പ്രത്യേകിച്ചും സ്വാര്‍ത്ഥലാഭങ്ങളുടെ പിന്നാലെ പോകുന്നത് എങ്കില്‍ ആ സമ്മേളനം തികച്ചും പരാജയമായിരിക്കും.

പെന്തെക്കോസ്ത് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ ഭാരതത്തില്‍ നടക്കുന്ന മര്‍ത്തോമ്മാസഭയുടെ മാരമണ്‍ കണ്‍വന്‍ഷനില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കുന്നത് നന്നായിരിക്കും. വളരെ അടുക്കുംചിട്ടയുമായിട്ടാണ് ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്നത് ഇതില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് ബോധ്യമാകും. വേദിയില്‍ അനുയോജിതര്‍ക്കാണ് ഇരിപ്പിടം നല്‍കുന്നത്. പ്രസംഗപീഡത്തില്‍ വ്യക്തിമാഹാത്മ്യ വര്‍ണ്ണനയില്ല. ഇത്തരത്തിലുള്ള സമ്മേളനങ്ങളാണ് ദൈവസാന്നിധ്യം അനുഭവപ്പെടുന്നത്. 

പ്രവാസിമലയാളി പെന്തെക്കോസ്ത് കോണ്‍ഫറന്‍സുകളില്‍ വിശ്വാസിജനതയ്ക്ക് മാതൃകയാണ് അമേരിക്കയില്‍ നടന്നിട്ടുള്ള അസംബ്ളീസ് ഓഫ് ഗോഡ് സഭകളുടെ സംയുക്തസമ്മേളനമായ എ.ജി.കോണ്‍ഫറന്‍സ്. മാരമണ്‍കണ്‍വന്‍ഷനെപ്പോലെ അനുകരണീയമായ സമാനതകള്‍ ഏറെയുള്ള കോണ്‍ഫറന്‍സാണെന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും അനുഭവത്തില്‍ നിന്ന് വ്യക്തമാകും. വിഷയത്തിലേക്ക് മടങ്ങിവരുന്നു. പ്രാരംഭത്തില്‍ വിവിധ പെന്തെക്കോസ്ത് സഭകളുടെ ഐഖ്യവേദിയായി രൂപീകൃതമായ ഏക സമ്മേളനമാണ് പിസിഎന്‍കെ. കാലാനുസൃതം പെന്തെക്കോസ്ത് കോണ്‍ഫറന്‍സ് വളര്‍ന്ന് അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. എല്ലാ വ്യത്യസ്ത പെന്തെക്കോസ്ത് സഭകള്‍ക്കും ആത്മീയ സമ്മേളനം നിലവിലുണ്ട്. വിവിധ രൂപത്തിലും ഭാവത്തിലുമാണ് സമ്മേളനങ്ങള്‍ അറിയപ്പെടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ആത്മീയ സംഗമങ്ങളാണ് ഫാമിലികോണ്‍ഫറന്‍സ്, വിവിധസംസ്ഥാനങ്ങളില്‍ നടക്കുന്ന റീജിയന്‍ കോണ്‍ഫറന്‍സുകള്‍. 

നാഷണല്‍ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ച ഒരു കോണ്‍ഫറന്‍സിന്റെ അനുഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു വിഷയം എന്റെ മനസ്സില്‍ ഓടിയെത്തിയത്. കോണ്‍ഫറന്‍സ് നടത്തിപ്പിനുശേഷം വരവുചിലവു കണക്കുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും നിരാശയാണ് അനുഭവപ്പെട്ടത്. വിഷയം എക്സിക്യൂട്ടീവ് ഭാരവാഹികളെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല. ചുരുക്കത്തില്‍ നാഷണല്‍ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും കണക്ക് അവതരിപ്പിക്കാതെയാണ് ജനറല്‍ബോഡിയില്‍ കണക്ക് പാസ്സാക്കിയെടുത്തത്. ഇവിടെ ഇതിനൊരു വ്യതിയാനം ആവശ്യമാണ്. ഭാവിയില്‍ നടക്കാന്‍പോകുന്ന പെന്തെക്കോസ്തു കോണ്‍ഫറന്‍സുകളുടെ നാഷണല്‍കമ്മറ്റിയിലും ലോക്കല്‍കമ്മിറ്റിയിലും കോണ്‍ഫറന്‍സിന്റെ വരവുചിലവുകള്‍ അവതരിപ്പിച്ചുവേണം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ജനറല്‍ബോഡിയില്‍ കണക്ക് അവതരിപ്പിക്കുവാന്‍. ഇതിന് എക്സിക്യൂട്ടീവ് ഭാരവാഹികള്‍ തയ്യാറല്ലെങ്കില്‍ കണക്കില്‍ അവിശ്വസ്തത ഉണ്ടെന്നുള്ളത് വ്യക്തമാണ്. കഴിഞ്ഞകാലങ്ങളില്‍ വിശ്വസ്തതയോടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ച എല്ലാ ഭാരവാഹികളേയും അഭിനന്ദിക്കുന്നു. അവിശ്വസ്തത പുലര്‍ത്തുന്ന ഭാരവാഹികള്‍ക്കായി ഈ ലേഖനം സമര്‍പ്പിക്കുന്നു. സഭാശുശ്രൂഷകരെയാണ് പെന്തെക്കോസ്ത് കോണ്‍ഫറന്‍സുകളുടെ കണ്‍വീനറായി തെരഞ്ഞെടുക്കുന്നത്. വിശ്വസ്തര്‍ എന്ന നിലയിലാണ് വിശ്വാസികളേക്കാള്‍ ഉന്നത പദവി നല്‍കി ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത്. പൂര്‍വ്വകാല ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഫറന്‍സിന്റെ വരവ്ചിലവ് കണക്കില്‍ അപാകതകള്‍ ധാരാളം സംഭവിച്ചിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്. പ്രായോഗികതലത്തില്‍ ഈ വിഷയങ്ങള്‍ പരിഹരിക്കുവാന്‍ അനവധി മാര്‍ഗ്ഗങ്ങളുണ്ട്. അതിനായിട്ട് കോണ്‍ഫറന്‍സിന്റെ സമാപനദിവസം നാഷണല്‍ ഭാരവാഹികളുടേയും ലോക്കല്‍ഭാരവാഹികളുടേയും സംയുക്തമീറ്റിംഗ് വിളിച്ചുകൂട്ടി കണക്ക് അവതരിപ്പിക്കണം. മറ്റൊരുമാര്‍ഗ്ഗം കോണ്‍ഫറന്‍സ് ടെലിഫോണുകളിലൂടെ കണക്ക് അവതരിപ്പിക്കാവുന്നതാണ്. ഇതിനും സൌകര്യമല്ലെങ്കില്‍ വരവുചിലവ് കണക്കുകള്‍ ഇമെയില്‍ ചെയ്ത് ഭാരവാഹികളായ നാഷണല്‍ ലോക്കല്‍ പ്രതിനിധികളെ അറിയിക്കണം. ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഫറന്‍സിന്റെ ഭാരവാഹികളിലും നിക്ഷിപ്തമാണെന്ന സത്യം വിസ്മരിച്ചു കളയരുത്. 

സാത്താന്‍ മനുഷ്യനെ വീഴ്ത്തുവാന്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ധനമോഹം. ഈ വിഷയത്തില്‍ സഭാശുശ്രൂഷകന്മാര്‍ എന്നോ, വിശ്വാസിയെന്നോ, അവിശ്വാസിയെന്നോ വേര്‍തിരിവ്ഇല്ല.     വ്യക്തിജീവിതത്തില്‍ ധനത്തിന്റെ സ്വാധീനം സീമാതീതമാണ്. ദ്രവ്യഗ്രഹമാണ് സകലവിധ ദോഷത്തിനും കാരണം. നിത്യതയിലേക്കുള്ള യാത്രയില്‍ ഹൃദയത്തിലെ ഭക്തിയാണ് യഥാര്‍ത്ഥ സമ്പത്ത്. പാപം ചെയ്തിട്ട് പിന്നീട് അത് തെറ്റാണെന്ന് ബോധ്യംവന്നിട്ട് അനുതപിച്ച് രക്ഷപെട്ടവരുടെ സുദീര്‍ഘമായ പട്ടിക ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദ്രവ്യാഗ്രഹത്തിന് അടിമപ്പെട്ട് മടങ്ങിവരാത്തവരാണ് ആഖാന്‍, ഗേഹസി, യൂദാ, അനന്യാസ്, സഫീറ, ദേമാസ് തുടങ്ങിയവര്‍. നിത്യതയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. വിശ്വസ്തതയായിരിക്കണം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ദൃശ്യമാകേണ്ടത്. 

Go to top