വിശ്വാസജീവിതത്തിന്റെ അതിപ്രധാന

ഘടകമാണ് ആരാധന. വചനധ്യാനത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് ആരാധനയ്ക്കായ് ആലയത്തില്‍ കടന്നുപോകേണ്ടത്. “ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രമോദിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക” (എബ്ര.10- 24,25). 

ആരാധനയിലാണ് യഹോവയോട് നന്ദിയും ആദരവും പാപങ്ങള്‍ ഏറ്റുപറയുന്നതിനുള്ള അവസരങ്ങളും നമ്മുടെ തിരക്കുള്ള ജീവിതയാത്രയില്‍ ലഭ്യമാകുന്നത്. അതുകൊണ്ട് ആരാധനയില്‍ വളരെ ഒരുക്കത്തോടും പ്രാര്‍ത്ഥനയോടുംകൂടി പങ്കെടുക്കുക. അത് ഒന്നു മാത്രമാണ് ജീവിതത്തിലെ പ്രധാന സന്തോഷത്തിന്റെ ഉറവിടം. ആരാധന എല്ലായിപ്പോഴും സത്യത്തിലും ആത്മാവിലും ആയിരിക്കണം. പരിശുദ്ധാത്മാവ് ആരാധനയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ആരാധനയില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. രോഗികള്‍ സൌഖ്യം പ്രാപിക്കും. വിശ്വാസത്തില്‍ ക്ഷീണിതരായവര്‍ ബലം പ്രാപിക്കും. 

പുതിയ നിയമസഭയ്ക്ക് എഴുതപ്പെട്ട ആരാധനാക്രമം ഇല്ലെങ്കിലും എല്ലാം ചന്തവും ഉചിതവുമായിരിക്കണമെന്നാണ് അപ്പൊസ്തോലിക ഉപദേശം. “നിങ്ങള്‍ കൂടിവരുമ്പോള്‍ ഓരോരുത്തനു സങ്കീര്‍ത്തനം ഉണ്ട്, ഉപദേശം ഉണ്ട്. വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്. സകലതും ആത്മീക വര്‍ദ്ധനകള്‍ക്കായി ഉതകട്ടെ (1 കൊരി-14:26). ആരാധനയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ആത്മീയ ശുശ്രൂഷയില്‍ പങ്കാളിത്തം ഉണ്ടെന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ആത്മീയ വര്‍ദ്ധനവാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

പട്ടത്വ സഭകളില്‍ ജനങ്ങള്‍ ആരാധനകണ്ട് മടങ്ങുന്നതുപോലെ ആയിരിക്കരുത് പെന്തെക്കോസ്ത് സഭകളിലെ ആരാധന. എല്ലാ വിശ്വാസികള്‍ക്കും ദൈവം നല്‍കിയ കൃപാവരങ്ങള്‍ ആത്മീയ വര്‍ദ്ധനവിനായ് സഭയില്‍ പ്രയോജനപ്പെടുത്തണം. 

പ്രവാസിമലയാളി പെന്തെക്കോസ്ത് സഭകളില്‍ ആരാധനാശൈലിക്ക് കാലാനുസൃതം വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരാധനയില്‍ വിവിധ പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് സമയ പരിമിതിമൂലം സാക്ഷി, പ്രബോധനം, പ്രസംഗം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ക്ക് അവസരങ്ങള്‍ ലഭിക്കത്തില്ല. ശിശുപ്രതിഷ്ഠ, ഓഡിനേഷന്‍, അതിഥികളെ പരിചയപ്പെടുത്തല്‍, സന്ദര്‍ശക ശുശ്രൂഷകരുടെ മിനിസ്ട്രികളുടെ വിവരണങ്ങള്‍, സഹായാഭ്യര്‍ത്ഥനകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ഗാനശുശ്രൂഷ, പ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയ ആത്മീയ ശുശ്രൂഷകളുടെ സമയം ചുരുക്കി ആരാധന നിര്‍വ്വഹിക്കുന്ന സഭകളും നിലവിലുണ്ട്. ആരാധനയിലെ പ്രധാന വിഷയങ്ങള്‍ എന്തായിരിക്കണമെന്ന് 1 കൊരി.14 ന്റെ 26-ല്‍ വിശദീകരിക്കുന്നുണ്ട്. ആരാധനയുടെ ലക്ഷ്യം എന്താണ്? ആരാധന എങ്ങനെ ആയിരിക്കണം? എന്നീ വിഷയങ്ങള്‍ക്ക് സഭകള്‍ക്ക് ഇനിയും ഒരു പഠനം ആവശ്യമായിരിക്കുകയാണ്. 

ആരാധന വചനാതിഷ്ഠിതമായിരിക്കണം. അല്ലാത്തതൊന്നും ദൈവത്തിന് സ്വീകാര്യമല്ല. ആരാധനയ്ക്ക് സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടും പ്രാര്‍ത്ഥനയോടും കടന്നുവന്നാല്‍ ആത്മീയ സന്തോഷം നിശ്ചയമായും ലഭിക്കും. ആരാധനയുടെ നിയന്ത്രണം പരിശുദ്ധാത്മാവ് ഏറ്റെടുക്കണം. അപ്പോള്‍ ആലയം ദൈവതേജസ്സ്കൊണ്ട് നിറയും. ആരാധനയിലെ സന്തോഷം അനുഭവിച്ചറിയുവാന്‍ ദൈവം എല്ലാവരേയും സഹായിക്കട്ടെ. 

 

 

Go to top