എല്ലാവര്‍ഷവും മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച അമേരിക്കന്‍ ജനത മാതൃദിനമായി സ്‌മരിക്കാറുണ്ട്. ക്രിസ്‌തുമസ്സും ഈസ്റ്ററും കഴിഞ്ഞാല്‍ ഭുരിപക്ഷം അമേരിക്കക്കാര്‍ക്കും

എറ്റവും പ്രധാനപ്പെട്ട അവധി ദിനമാണ്‌ 'മദേഴ്‌സ്‌ ഡേ ' (Mothers Day).
   മാതൃകാപരമായ ക്രിസ്‌തീയ ജീവിതം നയിച്ച സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു ആന്‍ ജാര്‍വിസ്‌, അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം മക്കള്‍ നഷ്‌ടപ്പെട്ട അമ്മമാരെ ഒരുമിച്ചു ചേര്‍ത്ത്‌ അവര്‍ക്ക്‌ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ 1868-ല്‍ ' മദേഴ്‌സ്‌ ഫ്രണ്ട്ഷിപ്പ്‌ ഡേ' ആരംഭിച്ചതാണ്‌ മാതൃദിനത്തിന്റെ തുടക്കം. എന്നാല്‍ ആന്‍ ജാര്‍വിസിന്റെ മക്കള്‍ അന്നാ ജാര്‍വിസ്‌ തന്റെ മാതാവിന്റെ സ്‌മരണയ്‌ക്കായിട്ടാണ്‌ ഇന്നത്തെ നിലയിലുള്ള മാതൃദിനത്തിന്‌ തുടക്കം കുറിച്ചത്‌. പിന്നീട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ വുഡ്രോ വില്‍സന്റെ കാലത്ത്‌ (1914) മേയ്‌ രണ്‍ടാമത്തെ ഞായറാഴ്‌ച അവധിയായി പ്രഖ്യാപിച്ച്‌ മാതൃദിനത്തിന്‌ ഔദ്യോഗികമായ പിന്തുണ നല്‍കി.

ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട 'മദേഴ്‌സ്‌ ഡേ' യുടെ ദുരുപയോഗത്തിനെതിരെ അന്ന ജാര്‍വിസ്‌ ശബ്‌ദമുയര്‍ത്തുകയും 'മദേഴ്‌സ്‌ ഡേ' വാണിജ്യവല്‍ക്കരിക്കരുതെന്ന്‌ ആവശ്യപ്പെട്ടു നടന്ന സമരത്തില്‍ അറസ്റ്റ്‌ വരിക്കുകയും ചെയ്‌തിട്ടുണ്ട്. കച്ചവടക്കാര്‍ ഏറ്റവുമധികം ലാഭം കൊയ്യുന്ന ദിവസമാണ്‌ മാത്യദിനാഘോഷം. ഏറ്റവുമധികം അമേരിക്കക്കാര്‍ പുറത്ത്‌ നിന്ന്‌ ആഹാരം കഴിക്കുന്ന ദിനം, ഏറ്റവുമധികം പൂക്കള്‍ വില്‍ക്കപ്പെടുന്ന ദിനം, ആശംസാകാര്‍ഡുകളും സമ്മാനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന ദിനം തുടങ്ങി മാതൃദിനവികാരത്തെ ബഹുരാഷ്‌ട്രകമ്പനികള്‍ വിറ്റുകാശാക്കുമ്പോള്‍ മാതൃത്വത്തിന്‌ അര്‍ഹമായ ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ടോ  എന്നത്‌ ചിന്തനീയമാണ്‌.
     അമേരിക്കയില്‍ വച്ച്‌ ഒരു മാതൃദിനത്തിലുണ്‍ടായ അനുഭവം പറയാം. എന്റെ കൂടെ മുമ്പ്‌ ജോലി ചെയ്‌തിരുന്ന കാത്തി എന്നു വിളിക്കുന്ന കാതറിന്‍ ഒരിക്കല്‍ ജോലിയ്‌ക്കിടയില്‍ ഇരുന്നു ഏറെ ദുഃഖത്തോടെ കരയുന്നത്‌ കണ്‍ടു. അവര്‍ക്ക്‌ ഉദ്ദേശം 65 വയസ്സ്‌ പ്രായം കാണും. കരച്ചിലിന്റെ കാരണം തിരക്കിയപ്പോള്‍ പറഞ്ഞു: '' എല്ലാ മദേഴ്‌സ്‌ഡേയിലും എന്റെ മകന്‍ മറക്കാതെ വിളിക്കുന്നതാണ്‌. 

വൈകുന്നേരമായിട്ടും എന്നെ ഒന്നു വിളിച്ചിട്ടില്ല'' അതും പറഞ്ഞ്‌ പിന്നെയും കരയാന്‍ തുടങ്ങി.

    ''സാരമില്ല, ദിവസത്തിനൊന്നും വലിയ പ്രാധാന്യം നല്‍കേണ്ട. അയാള്‍ക്കെന്തെങ്കിലും തിരക്കുകാണും'' എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും യാതൊരു രക്ഷയുമില്ല.
എന്നാല്‍ അടുത്ത ദിവസം അവര്‍ ജോലിക്ക്‌ വന്നപ്പോള്‍ വളരെ ആഹ്ലാദവതിയായി കാണപ്പെട്ടു. ഞാന്‍ ചോദിക്കുന്നതിന്‌ മുമ്പ്‌ തന്നെ ആവേശത്തോടവര്‍ പറഞ്ഞു: ''അവന്‍ വിളിക്കാതിരുന്നത്‌ എന്നെ സര്‍പ്രൈസ്‌ ചെയ്യിക്കാന്‍ വേണ്ടിയായിരുന്നു. രാത്രിയില്‍ അവന്‍ പൂക്കളും സമ്മാനവുമായി എത്തി എന്നോടൊപ്പം ഡിന്നറും കഴിച്ച്‌ വളരെ ഇരുട്ടിയാണ്‌ പോയത്‌.''

      നമ്മുടെ മലയാളി സംസ്‌കാരത്തില്‍ മാതൃദിന സ്‌മരണയൊക്കെ അന്യമായതുകൊണ്‍ട്‌ ആദ്യം അവരുടെ സന്തോഷത്തിന്റെ രഹസ്യം മനസ്സിലായില്ല. ഒന്ന്‌ രണ്ട്  സ്ഥലങ്ങളില്‍ ജോലിചെയ്‌ത്‌ കഷ്‌ടപ്പെട്ട വളര്‍ത്തിയ അവരുടെ പുത്രന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മദേഴ്‌സ്‌ഡേയുടെ അന്നാണ്‌ സാധാരണ അവരെ വിളിക്കുന്നത്‌. അതുംകൂടി ഇല്ലാതെ വന്നപ്പോഴാണ്‌ ആ അമ്മയുടെ ഹൃദയം തകര്‍ന്നുപോയത്‌. ചിറക്‌ മുളച്ച്‌ വിദേശത്തേയ്‌ക്ക്‌ പറന്നുപോയ മലയാളികളുടെ എത്ര മക്കള്‍ ഇതേപോലെ വേദനിക്കുന്ന അമ്മമാരുടെ ഹൃദയം കാണാറുണ്ട്. അപ്പനും അമ്മയും മരിച്ചാല്‍ മറവുചെയ്യാന്‍ പോലും പോകാന്‍ കഴിയാതെ ജീവിത സൗകര്യങ്ങള്‍ക്കിടയില്‍ തളച്ചിട്ടിരിക്കുന്ന മക്കള്‍ ഏറി വരുന്ന ഇക്കാലത്ത്‌ അമ്മമാരുടെ കണ്ണുനീരിന്‌ എന്ത്‌ വില?


     എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വര്‍ഷത്തില്‍ ഒരു ദിവസമല്ല, എല്ലാ ദിവസവും അമ്മമാര്‍ക്ക്‌ പ്രധാനപ്പെട്ടതാണ്‌. അതിലെ ഓരോ സെക്കന്റും അവര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. അമ്മയുടെ ഉദരത്തിലാണ്‌ കുഞ്ഞിന്റെ ആദ്യ തുടിപ്പ്‌ ആരംഭിക്കുന്നത്‌. പത്ത്‌ മാസത്തോളവും കുഞ്ഞ്‌ കേള്‍ക്കുന്ന സംഗീതം മാതാവിന്റെ ഹൃദയമിടിപ്പാണ്‌. ജനിച്ചുകഴിഞ്ഞാലും വിടാത്ത പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചു മാറ്റുമ്പോള്‍ മുലപ്പാലിലൂടെ പുതിയ ബന്ധം തുടങ്ങുകയായി. 
     കാക്കയുടെ അരോചക ശബ്‌ദം പോലെയായിരുന്നാലും അമ്മയുടെ താരാട്ട്‌ പാട്ട്‌ കുഞ്ഞിന്‌ മനോഹരമായ സംഗീതമാണ്‌. അത്‌ കേട്ടാലവര്‍ ശാന്തമാകും. ആരടുത്തുണ്ടെങ്കിലും അമ്മയുടെ സാമീപ്യം

ഗന്ധം, ശബ്‌ദം, സ്‌പര്‍ശം എല്ലാം കുഞ്ഞിന്‌ ആനന്ദം നല്‍കുന്നതാണ്‌.
മാതാവ്‌ കുഞ്ഞിനെ എടുക്കുമ്പോള്‍ മാറോട്‌ ചേര്‍ത്ത്‌ വഹിക്കുന്നത്‌ കാണാം. അപ്രകാരം കുഞ്ഞിനെ ആശ്ലേഷിക്കുമ്പോള്‍ കുഞ്ഞിന്റെയും മാതാവിന്റെയും ഹൃദയം ഏറ്റവുമടുത്തിരിക്കും. ഗര്‍ഭത്തില്‍ വച്ച്‌ കേട്ട ''പഴയ സംഗീതം'' (ഹൃദയതാളം) വീണ്ടും അനുഭവിക്കുമ്പോഴാണ്‌ കുഞ്ഞ്‌ ശാന്തമായി ഉറങ്ങുന്നത്‌ എന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.
     ഇനി കുഞ്ഞിന്റെ ഒരു ദിവസം തുടങ്ങുന്നത്‌ അമ്മയുടെ കയ്യില്‍ നിന്നും ലഭിക്കുന്ന ആഹാര പദാര്‍ത്ഥം നുണഞ്ഞുകൊണ്‍ടായിരിക്കും. മിക്ക കുടുംബങ്ങളും ഉറക്കത്തില്‍ നിന്നുണരുന്നത്‌ അമ്മമാര്‍ അടുക്കളയില്‍ ഉണ്ടാക്കുന്ന തട്ടും മുട്ടുമൊക്കെ കേട്ടുകൊണ്ടാണ്‌. അമ്മയുടെ പാചകത്തിന്റെ രുചി മറക്കാന്‍ ഏത്‌ മക്കള്‍ക്കാവും? ഭാര്യ എത്ര നന്നായി ആഹാരം പാകം ചെയ്‌താലും ''എന്റെ അമ്മ വയ്‌ക്കുന്നതുപോലെ ശരിയായില്ല'' എന്ന്‌ ഭര്‍ത്താക്കന്‍മാര്‍ പറയുമ്പോള്‍ ഭാര്യമാര്‍ പരിഭവപ്പെടാറുണ്ട്. ആണുങ്ങളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല, ആ രുചി തലച്ചോറിലങ്ങനെ പറ്റിക്കിടക്കുകയാണ്‌.

    പിന്നെ അമ്മ തരുന്ന ആഹാരത്തിനുള്ളില്‍ 'സ്‌നേഹം' എന്നൊരു രഹസ്യക്കൂട്ട്‌ കൂടിയുണ്ട്. മാനസികാവസ്ഥ എന്തായാലും അതിന്റെ അളവിന്‌ കുറവ്‌ വരില്ല. അതാണ്‌ ഭാര്യമാരുമായുള്ള പ്രധാന വ്യത്യാസം.

    കുടുംബത്തിന്റെ സംരക്ഷണത്തിന്റെ കടുപ്പമാര്‍ന്ന മതിലാണ്‌ പിതാവെങ്കില്‍, മാതാവ്‌ അതിനുള്ളിലെ സ്‌നേഹത്തിന്റെ തൂവല്‍ മറയാണ്‌. ഹൃദയം തണുപ്പിക്കുന്ന ഒരു വാക്കെങ്കിലും അവിടെ കരുതിവെച്ചിട്ടുണ്ടാവും.

  മാതാവിനോട്‌ എന്തും പറയാനുള്ള സ്വാതന്ത്ര്യം കുഞ്ഞുങ്ങള്‍ക്കുണ്ട്. പിതാവിന്റെയടുത്താകുമ്പോള്‍ സെന്‍സര്‍ ചെയ്യേണ്ടിവരും. പക്ഷേ അമ്മമാരുടെ ചെവിയിലെത്തുന്നതൊക്കെ പിതാവിന്റെ ചെവിയില്‍ എത്തിച്ചേരുമെന്നത്‌ പരസ്യമായ രഹസ്യം.


മക്കള്‍ എത്ര വളര്‍ന്നാലും അമ്മയ്‌ക്ക്‌ അവര്‍ എന്നും കുഞ്ഞുങ്ങളാണ്‌; മടിയിലിരുത്തി ചോറ്‌ വാരിക്കൊടുത്തിരുന്ന അതേ പ്രായമുള്ള കുഞ്ഞുങ്ങള്‍. സംശയമുണ്ടെങ്കില്‍ പരിശോധിക്കുക, അമ്മമാര്‍ ആദ്യം കാണുമ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യം ''നീ 

വല്ലതും കഴിച്ചോ?'' എന്നായിരിക്കും. കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതി അവര്‍ക്ക് മരിക്കുന്നതുവരെയുണ്ടാകും.

      വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദുരദര്‍ശനില്‍ കണ്ട ഒരു അമ്മായി അമ്മ- മരുമകള്‍ സംവാദം ഓര്‍മ്മയിലെത്തുന്നു. ചര്‍ച്ച നയിക്കുന്ന വ്യക്തി മരുമകളോട്‌ ചോദിച്ചു: '' നിങ്ങളുടെ ഭര്‍ത്താവ്‌ ജോലിക്ക്‌ പുറത്തുപോകുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചോര്‍ത്ത്‌ വിഷമിക്കാറുണ്ടോ? '' '' വരുന്ന സമയവും കഴിഞ്ഞ് കണ്ടില്ലെങ്കില്‍ വിഷമിക്കാറുണ്ട്'' എന്ന്‌ ഒരു ഭാര്യ ഉത്തരം പറഞ്ഞു. എന്നാല്‍ ഒരു അമ്മ പറഞ്ഞ ഉത്തരം ശ്രദ്ധിക്കുക: '' മക്കള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങി തിരികെയെത്തുന്നതുവരെയും മനസ്സിന് ഒരു സമാധാനവുമില്ല'' എന്ന്‌.

      ജോലി ചെയ്യുന്ന അമ്മമാരെ ശ്രദ്ധിച്ചാലറിയാം ജോലിയ്‌ക്കിടയില്‍ വീട്ടിലേയ്‌ക്ക്‌ കുഞ്ഞുങ്ങളുടെ വിവരം തിരക്കി ഒരു നൂറ്‌ തവണയെങ്കിലും ഫോണ്‍ ചെയ്യും. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളാണെങ്കില്‍ പറയുകയും വേണ്ട! '' മോന്‍/ മോള്‍ വല്ലതും കഴിച്ചോ?, എത്ര കഴിച്ചു? എപ്പോള്‍ കഴിച്ചു? എങ്ങനെകഴിച്ചു? ഇപ്പോള്‍ എന്തു ചെയ്യുന്നു''/ കുറെ ചോദ്യങ്ങള്‍ക്കു പുറമേ 100 സുരക്ഷാ നിര്‍ദ്ദേശങ്ങളും ആവര്‍ത്തിക്കും. ''കുഞ്ഞിന്റെ മേല്‍ എപ്പോഴും ഒരു കണ്ണ്‌ വേണം'', ''നോക്കിക്കോണം'' എന്നൊക്കെ. ഭര്‍ത്താക്കന്‍മാരാണ്‌ ബേബി സിറ്റേഴ്‌സ്‌ എങ്കില്‍ ആകെ വട്ടുപിടിക്കും. ''ഇതെന്നാ, കുഞ്ഞിനെ വല്ല കാഴ്‌ചബംഗ്ലാവിലെ സിംഹക്കൂട്ടിലോ മറ്റോ ആക്കിയിരിക്കുകയാണോ'' എന്ന്‌ ചോദിച്ചുപോകും. ദയവായി കെട്ടിയോന്‍മാര്‌ ക്ഷമിക്കുക; ഇത്‌ അവരുടെ കുഴപ്പമല്ല, അവരിലുള്ള ''അമ്മ '' സ്വഭാവമാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.

 

  മക്കളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നതും അമ്മമാര്‍ക്കാണ്‌. ഇത്‌ പറയുമ്പോള്‍ എന്റെ മാതാവിനെ ഓര്‍ക്കാതിരിക്കാനാവില്ല. അനേകം മഹാന്‍മാരുടെ ജീവിതചരിത്രകഥകള്‍ എനിക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്. ഇന്നും എന്നെ പ്രചോദിപ്പിക്കുന്നതും വായിക്കാനേറെ ഇഷ്‌ടപ്പെടുന്നതും ജീവിത കഥകളാണ്‌ എന്നത്‌ മാതാവിന്റെ സ്വാധീനശക്തിയാണ്‌ തെളിയിക്കുന്നത്‌.   
      ഫ്രാന്‍സിന്റെ ഏകാധിപതിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ഒരിക്കല്‍ പറഞ്ഞു: ഫ്രാന്‍സിന്‌ നല്ല അമ്മമാരുണ്ടാകട്ടെ; എങ്കില്‍ ഫ്രാന്‍സിന്‌ നല്ല പുത്രന്‍മാരെ ലഭിക്കും.

           യാതൊരു നിയന്ത്രണവുമില്ലാതെ ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന ആധുനിക കാലത്ത്‌ അമ്മമാരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്‌. ചെറിയ പ്രായത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും പറ്റിയുള്ള അവബോധം പകര്‍ന്നു നല്‍കേണം. ത്യാഗവര്യന്‍മാരും ധര്‍മ്മിഷ്‌ടരുമായ ക്രിസ്‌തീയ കഥാപാത്രങ്ങളെയും അവരുടെ എളിമ ജീവിതവും ജീവിതവിജയവുമൊക്കെ കുഞ്ഞുങ്ങളില്‍ ആഴമേറിയ പ്രചോദനങ്ങള്‍ നല്‍കും. നീതിമാന്‍മാരും സത്യസന്ധരുമായ ഭരണാധികാരികളെയും മക്കള്‍ക്ക്‌ പരിചയപ്പെടുത്താം. അയല്‍പക്കത്തോ സഭയിലോ കുടുംബത്തിലോ ഉള്ള മറ്റ്‌ കുട്ടികളെ ടാര്‍ജറ്റ്‌ ആയി വയ്‌ക്കാതെ ലോകമെന്ന വിശാല കാഴ്‌ചപ്പാട്‌ നല്‍കി, വിജയിക്കേണ്ടത്‌ അവിടയാണെന്ന തിരിച്ചറിവ്‌ നല്‍കേണം.

       നല്ല ശീലങ്ങള്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്താന്‍ സഹായിക്കേണം. മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ദയയോടെയും ആര്‍ദ്രതയോടെയും ഇടപെടാന്‍ അഭ്യസനം നല്‍കണം. നിസ്സാരമെന്ന്‌ കരുതി പറയുന്ന വാക്കുകളും അപ്രധാനമെന്ന്‌ കരുതുന്ന പ്രവര്‍ത്തനങ്ങളുമൊക്കെ ഭാവിയില്‍ മക്കളും അവരുടെ ജീവിതത്തില്‍ പകര്‍ത്താനിടയുണ്ട് എന്നറിയുക.

       മക്കളെ നന്നായി മനസ്സിലാക്കുവാന്‍ ഒരു മാതാവിന്‌ കഴിയും. അവരുടെ മുഖത്തോ മനസ്സിലോ ഉണ്ടാകുന്ന നിസ്സാരമായ മാറ്റങ്ങള്‍പ്പോലും പിതാവിനേക്കാള്‍ ഗ്രഹിക്കാന്‍ കഴിയുന്നത്‌ മാതാവിനാണ്‌. പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും. ക്ഷമയോടെ കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി അവരില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ പാകാണം.

       ടെലിവിഷന്റെ മുമ്പില്‍ കുത്തിയിരുന്ന്‌ വീട്ടുകാര്യങ്ങളും മക്കളുടെ കാര്യവും നോക്കാതെ, കുടുംബത്തെ തകര്‍ച്ചയിലേക്ക്‌ തള്ളിവിടുന്ന മാതാക്കള്‍ ഇന്ന്‌ ഏറിവരുന്നു. എത്ര സമയമുണ്ടാക്കിയും കുടുംബത്തിന്‌ ഭക്ഷണമൊരുക്കാന്‍ ഒരു മാതാവിന്‌ കഴിയേണം. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നെങ്കില്‍ ഭര്‍ത്താവും പാചക കാര്യത്തില്‍ സഹായിക്കേണം. ആഹാരത്തിലെ വൈകാരികതലം ഒഴിവാക്കാനാവാത്ത ഒന്നാണ്‌.

     പ്രാര്‍ത്ഥനയും ഭക്തിയും വിശ്വാസവുമൊക്കെ അമ്മമാരില്‍ നിന്ന്‌ മക്കളിലേക്ക്‌ പകരപ്പെടണം. സമൂഹത്തിലെ ഉത്തമ 

പൗരന്‍മാരായി വളര്‍ത്തിയെടുക്കുമ്പോള്‍ത്തന്നെ നിത്യമായ ദൈവരാജ്യത്തെ കാട്ടിക്കൊടുക്കണം. ദൈവസന്നിധിയില്‍ കരയുന്ന ഒരു മാതാവിന്‌ മക്കളെയോര്‍ത്ത്‌ നിരാശപ്പെട്ട്‌ കരയേണ്ടി വരില്ല. നാളെയുടെ നല്ല മക്കളെ വാര്‍ത്തെടുക്കാന്‍ ഇന്നത്തെ നല്ല അമ്മമാര്‍ക്ക്‌ കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

 

    അമ്മമാരെ സ്‌നേഹിക്കുന്ന മക്കളോട്‌കൂടി ഒന്നു രണ്ട് വാക്ക്‌ പറഞ്ഞ്‌ ഈ ലേഖനം അവസാനിപ്പിക്കാം. ലോകത്ത്‌ ഇന്ന്‌ ലഭ്യമായ ഒരു ബഹുമതിയും അമ്മമാരുടെ നിസ്വാര്‍ത്ഥ സേവനത്തിന്‌ പകരം നല്‍കാനില്ല; എന്നാല്‍ സ്വന്തം മക്കളെക്കുറിച്ച്‌ മറ്റുള്ളവര്‍ ഒരു അമ്മയോട്‌ പറയുന്ന ഓരോ നല്ല വാക്കുകളും അവര്‍ക്ക്‌ ആയിരം കീര്‍ത്തിപത്രത്തേക്കാളും വിലപ്പെട്ടതാണ്‌. മക്കളുടെ നല്ല പ്രവൃത്തിയിലുടെ നമ്മുടെ അമ്മമാരോടുള്ള കടപ്പാട്‌ കുറച്ചെങ്കിലും തീര്‍ക്കാന്‍ ദൈവം നമ്മെ ഇടയാകട്ടെ.

Go to top