‘ബൈബിള്‍’ പിന്നെയും തുടരുന്നു

അമേരിക്കയിലെ യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികള്‍ അമേരിക്കയുടെ ഇന്നത്തെ അനാത്മീകമായ പോക്കില്‍ വല്ലാതെ അസ്വസ്ഥരാണ്. ആത്മീയമായി ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സമൂഹമായി ആധുനിക യുവലോകം മാറിക്കൊണ്ടിരിക്കുന്നു. മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വിവിധ മതങ്ങളില്‍ നിന്നുള്ള

ആക്രമണമാണ് ഉണ്ടാകുന്നതെങ്കില്‍ അമേരിക്കയില്‍ അത് നേരെ മറിച്ചാണ്. ധാര്‍മ്മികമായ ഒരു അധ:പ്പതനമാണ് കണ്മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഏറ്റവും പേര്‍ കാണുന്ന സിനിമയിലും സീരിയലുകളിലും അധാര്‍മ്മികത അതിമധുരം പുരട്ടി നല്‍കുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന അവസ്ഥയാണ് ഇന്ന്  എവിടെയും കാണുന്നത്. നീലച്ചിത്രങ്ങളുടെ മാസ്മരികതയില്‍ പ്രായഭേദമെന്യേ രാജ്യം അഭിരമിക്കുന്നു. ആണും-ആണും പെണ്ണും-പെണ്ണും തമ്മിലുള്ള വിവാഹങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലും നിയമ വിധേയമായി ക്കഴിഞ്ഞു. അധാര്‍മ്മികതകള്‍ എന്തിനേറെ വിവരിക്കുന്നു?

എവിടെക്കാണ്‌ രാജ്യത്തിന്റെ ഈ പോക്ക്? ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ! എന്നാല്‍ അതിനിടയില്‍ ടെലിവിഷന്‍ മാദ്ധ്യമ രംഗത്ത് നിന്ന് കേള്‍ക്കുന്ന ഒരു വാര്‍ത്ത സന്തോഷദായകമാണ്; ഒരു പക്ഷെ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കെങ്കിലും. പ്രമുഖ ടെലിവിഷന്‍ ചാനലായ ഹിസ്ടറി ചാനലില്‍ മുന്‍പ് ബൈബിള്‍ പരമ്പരയായി  പ്രക്ഷേപണം ചെയുന്നുണ്ടായിരുന്നു. അത് അഭൂതപൂര്‍വമായ വിജയമാണ് അതിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയത്. യേശുക്രിസ്തുവിന്റെ ജീവിതമായിരുന്നു അതിലെ പ്രമേയം.റിക്കോര്‍ഡുകള്‍ പലതും ആ പരമ്പര തിരുത്തിയെഴുതി. സീരീസിന്‍റെ വിജയം കണ്ടു യുക്തിവാദികള്‍ നെറ്റിചുളിച്ചു! എന്തുകൊണ്ട് ബൈബിളിനു ഇത്രയും സ്വീകാര്യത ജനങ്ങള്‍ നല്‍കുന്നു? ഭൌതികതയുടെ തിരത്തള്ളലില്‍ സ്വത്വം നഷ്ടപ്പെട്ട മനുഷ്യര്‍ ആത്മഹത്യയിലൂടെ ഒരു പരിഹാരം കണ്ടെത്താന്‍ നോക്കുമ്പോള്‍  ഉള്ളില്‍ സമാധാനം നല്‍കാന്‍ യേശുവിനല്ലാതെ ആര്‍ക്ക് കഴിയും? പാപത്തിന്റെ മലിനജലത്തില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്നവര്‍ക്ക് അല്‍പ്പം തെളിനീര്‍ കിട്ടുമ്പോള്‍ തോന്നുന്ന ഒരു ആനന്ദമായിരിക്കാം പ്രസ്തുത വിജയങ്ങള്‍ക്ക് പിന്നില്‍. 

 ഇക്കഴിഞ്ഞ ഈസ്റര്‍ മുതല്‍ വീണ്ടും “ബൈബിള്‍ പരമ്പര” തുടരുകയാണ്. ഉയര്‍ത്തെഴുന്നേല്‍പ്പിനും അപ്പുറത്തേക്ക് അപ്പോസ്തല പ്രവൃത്തികളിലേക്ക് കഥ നീളുകയാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ ശിഷ്യന്മാരില്‍ക്കൂടി ദൈവസഭ വളരുന്നതാണ് പുതിയ പരമ്പരയുടെ കഥാതന്തു. യേശുക്രിസ്തുവിനെ ക്രൂശിക്കാന്‍ വിധിച്ച റോമന്‍ ഗവര്‍ണ്ണര്‍ പീലാത്തോസിന്റെയും, യെഹൂദന്മാരുടെ പരമാദ്ധ്യക്ഷന്‍ മഹാപുരോഹിതനായ കയ്യഫാസിന്റെയും ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യഭാവങ്ങള്‍  തന്മയത്വത്തോട് അവതരിപ്പിച്ചിരിക്കുന്നത് മനോഹരമായ ഒരു ദൃശ്യാനുഭവമാണ്. പരിശുദ്ധാത്മാവ് നിറയപ്പെടുന്ന ശിഷ്യന്മാര്‍ ചെയ്ത അടയാളങ്ങള്‍ കാണിക്കുമ്പോള്‍, പരിശുദ്ധാത്മാവ് നിറയുന്നത് കാണിക്കാനായി ഒരു ഇളം കാറ്റ് അവരുടെ മുഖത്തേക്ക് അടിക്കുമ്പോള്‍. അത് നമ്മുടെയും മുഖത്ത് അടിക്കുന്നതുപോലെ തോന്നും. ഞായറാഴ്ച വൈകുന്നേരം എട്ട് മണിക്കാണ് എന്‍ ബി സി ചാനല്‍ ഇത് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോയുടെ പേര് “A.D Bible Continues” എന്നാണ്. www.NBC.com എന്ന വെബ്സൈറ്റില്‍ ഇത് കാണാനുള്ള അവസരമുണ്ട്.

ഇത് ഒരു സിനിമാ നിരൂപണമൊന്നുമല്ല. പരമ്പരയില്‍ തെറ്റുകളും കുറവുകളും കണ്ടെത്താന്‍ ഒരു പക്ഷെ കഴിഞ്ഞേക്കാം. എന്നാല്‍ ആദിമ സഭയെപ്പറ്റി ഒന്നുമറിയാത്ത അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെങ്കിലും ഈ പരമ്പര ചില അറിവുകള്‍ നല്‍കുവാന്‍ കഴിഞ്ഞാല്‍ ഈ ഉദ്യമത്തെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കേണ്ടതാണ് എന്ന്‍ എനിക്ക് തോന്നുന്നു. സഭാ വളര്‍ച്ചയുടെ കാലമാണ് ഇപ്പോള്‍ പരമ്പരയില്‍ കാണിക്കുന്നത്. പൌലോസ് ഇതുവരെയും രംഗത്ത് വന്നിട്ടില്ല. ഇതുവരെയും പതോസിന്റെ കഥാപാത്രം ഒന്നാംതരമായിരിക്കുന്നു. സ്റ്റീഫന്‍, ബര്‍ന്നബാസ്, പീലാത്തോസ്, കയ്യാഫാസ് എന്നിവരും നന്നായി കഥ അവതരിപ്പിക്കുന്നുണ്ട്. 

പോയവര്‍ഷം ബൈബിള്‍ സിനിമകളുടെ വര്‍ഷമായിരുന്നു എങ്കില്‍ പ്രൈം ടൈമില്‍ ടെലിവിഷന്‍-ല്‍ ഇപ്പോള്‍ തിളങ്ങുന്നത് ‘ബൈബിളാ’ണ്. എന്‍റെ ചിന്ത കര്‍ത്താവിന് ഇതില്‍ക്കൂടിയൊക്കെ ഒരു പദ്ധതി ഉണ്ടെന്നാണ്. കര്‍ത്താവിന്‍റെ സന്ദേശം ലോകത്തെ അറിയിക്കാനുള്ള ഒരു വഴി. ഈ രാജ്യത്തിന്‍റെ പുന:സൃഷ്ടിക്ക് ദൈവം ഉപയോഗിച്ച ബൈബിളിലെക്ക് വീണ്ടും അമേരിക്കയെ തൊട്ടുണര്‍ത്താനുള്ള വേദനരഹിതമായ ഒരു വഴി! ബൈബിളിലെക്ക് മടങ്ങിവരാന്‍ അമേരിക്കയെ ഇത്തരം സംരംഭങ്ങള്‍ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.  

 

Go to top