സ്വര്‍ണ്ണം കഴിഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍, അതായിരുന്നു ഇത്രയും നാള്‍

സാമ്പത്തികരംഗത്ത്  കേട്ടു കൊണ്ടിരുന്ന പല്ലവിയും അനുപല്ലവിയും. എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധരില്‍ നേരിയ സംശയത്തിന്‍റെ നിഴല്‍ പരത്തി , അമേരിക്കന്‍ സമ്പത് വ്യവസ്ഥയില്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താമെന്ന വ്യാമോഹത്തില്‍, ചൈന ഇതാ അരയും തലയും മുറുക്കി ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു.

“റെന്‍ മിമ്പി” എന്ന് പറഞ്ഞാല്‍ ജനങളുടെ പണം, അഥവാ ചൈനയുടെ മൂക്ക് പതുങ്ങിയ  യുവ സുന്ദരിയായ യുവാന്‍, അമേരിക്കന്‍ ഡോളറിനു ഭീഷണിയാകുന്നുവെന്നുള്ള മുറവിളികള്‍ പലയിടത്തും കേള്‍ക്കുന്നുമുണ്ട്.

ആഗോള കരുതല്‍ നാണയം (Global Reserve Currency)  എന്നാല്‍ എന്താണെന്ന് ചിന്തിക്കുമ്പോള്‍ ഇതിന്‍റെ പ്രസക്തി കുറെ മനസ്സിലാകും. രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റിറക്കുമതികള്‍ക്കും മറ്റു ബാധ്യതകളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കുമായി, ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളും ഗവണ്മെന്റുകളും വാങ്ങിവെ യ്ക്കുന്ന വിദേശ നാണയങ്ങളുടെ കരുതല്‍ ശേഖരമാണിത്. ഇതിനായി ഏറ്റവും ശക്തമായത് അമേരിക്കന്‍ ഡോളര്‍ തന്നെ എന്ന ധാരണയും വ്യവസ്ഥിതിയും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ബൈബിളില്‍ പറയുന്ന ഗ്രീക്കുകാരന്റെ ദ്രഹ്മപ്പണം തുടങ്ങി, ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ  മദ്ധ്യം വരെ സ്വര്‍ണവും , പിന്നീട് ബ്രിട്ടീഷ് പൌണ്ടുമൊക്കെ വിദേശ വിനിമയകരുതല്‍ ശേഖരങ്ങള്‍ ആയിരുന്നുവെന്ന് ചരിത്രം സാക്ഷീകരിക്കുന്നു.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തോടെ ബ്രിട്ടീഷ് പൌണ്ടും , ജര്‍മ്മന്‍ മാര്‍ക്കും, ഫ്രാന്‍സിന്റെ ഫ്രാങ്കും വിലയിടിഞ്ഞപ്പോള്‍ , അവരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട്  ആഗോളകരുതല്‍ ധന ചക്രവര്‍ത്തിയായി അമേരിക്കന്‍ ഡോളര്‍ അവരോധിക്കപ്പെട്ടുകഴിഞ്ഞിരുന്നു , ആ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍  യൂറോയും, ജപ്പാന്‍ യെന്നും, കനേഡിയന്‍ ഡോളറും, ബ്രിട്ടീഷ് പൌണ്ടും നേരിയ കടന്നുകയറ്റം നടത്തുന്നുണ്ടായിരുന്നു.

ആഗോള കരുതല്‍ ശേഖരത്തില്‍ അമേരിക്കന്‍ ഡോളര്‍  63%  , യൂറോ 21%,   മറ്റുള്ള വയൊക്കെ  4% ത്തില്‍ കുറഞ്ഞ സ്ഥാനങ്ങളുമായി സജീവമായി നിലകൊള്ളുന്നു. പലപ്പോഴായി അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലും വ്യാപാരത്തിലും സാരമായ മാറ്റങ്ങള്‍ വന്നു ഭവിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കാരണം ചുരുങ്ങിയ കാലം കൊണ്ട്  ആഗോളതലത്തില്‍  വന്‍ കുതിപ്പുകളുമായി ചൈന  വ്യാപാരരംഗം അടക്കി വാഴാന്‍ ശ്രമിക്കുന്നത് സാമ്പത്തിക വിദഗ്ദ്ധരെ കുഴക്കാന്‍ പര്യാപ്തമായിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ അവരവരുടെ ഇഷ്ടമുള്ള കരന്സികളില്‍ വ്യാപാര ഒത്തുതീര്‍പ്പുകള്‍ നടത്തുന്നതിനുളള സ്വാതന്ത്ര്യം  പല പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പ്രാവര്‍ത്തികമായിക്കഴിഞ്ഞു. 2008 മുതല്‍ ചൈന മുപ്പതിലധികം രാജ്യങ്ങളുമായി 3 ട്രില്ല്യന്‍ യുവാനിലുള്ള വ്യാപാര ഉടമ്പടികള്‍ ഒപ്പിട്ടുകഴിഞ്ഞു. ഡോളറിനു പകരമായി , ചൈനീസ് യുവാന്‍ വാങ്ങി  സൗദി അറേബ്യയും കയറ്റുമതി ചെയ്തുതുടങ്ങി. അതോടൊപ്പം റഷ്യയും യുവാനില്‍ പെട്രോള്‍ കയറ്റുമതി ചെയ്യാന്‍  ശ്രമിച്ചതോടെ , കാലാകാലമായി പ്രതാപവാനായിരുന്ന പെട്രോഡോളര്‍ സംകല്പതിനു പോറല്‍ ഏറ്റു കഴിഞ്ഞിരുന്നു.

അമേരിക്കന്‍ വല്യേട്ടന്‍ നയത്തെ വെല്ലുവിളിച്ചുകൊണ്ട് ജെര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ് സര്‍ ലാന്‍റ്, ഹങ്കറി, സൌത്ത് അമേരിക്കയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍  അമേരിക്കന്‍ ഡോളറിനെ തഴഞ്ഞു കൊണ്ട് യുവാനെ കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തുവെച്ചുകഴിഞ്ഞു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, പീപ്പിള്‍സ്‌  ബാങ്ക് ഒഫ് ചൈന (PBoC) യും കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ നടപടികള്‍ പൂര്‍ണ്ണമായി. രാജ്യാന്തര സഹകരണവും, പുരോഗമനവും  ലക്ഷ്യമാക്കി BRICS ( Brazil, Russia, India, China, South Africa)  എന്ന അന്താരാഷ്‌ട്ര ബാങ്ക് നിലവില്‍ വന്നുകഴിഞ്ഞു. അതോടൊപ്പം 2015  ല്‍  AIIB (Asian Infrastructure Investment Bank)  ആരംഭിച്ചതും ഡോളറിനോടുള്ള വെല്ലുവിളികള്‍  എന്ന് തോന്നുന്നതില്‍ തെറ്റില്ല. ഇവയ്ക്കു പുറമേ, അമേരിക്കയുടെ SWIFT  എന്ന അന്താരാഷ്ട്ര വിനിമയ ആയുധത്തെ പിന്തള്ളാനായി  ചൈനീസ് യുവാനില്‍ CIPS (China International Payment System) പരീക്ഷണാടിസ്ഥാനത്തില്‍ പല വിദേശ ബാങ്കുകളിലും സമാന്തരമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.അന്താരാഷ്ട്ര നാണയ നിധി (International Monetary Fund) യില്‍ നിന്നും കടം എടുക്കുന്നതിനു ഇതു രാജ്യത്തിനും യുവാനില്‍ വാങ്ങാനുള്ള സ്വാതന്ത്ര്യം കഴിഞ്ഞയാഴ്ച IMF  പ്രഖ്യാപിച്ചതും വെറും നിസ്സാരമല്ല. ക്രയ വിക്രയ ശക്തിയില്‍ മൂന്നാം സ്ഥാനം യുവാന് IMF കല്പിച്ചതിനാല്‍ , സെന്‍ട്രല്‍ ബാങ്കുകള്‍ ആനുപാതികമായി യുവാന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ BREXIT ലൂടെ ഞെങ്ങി ഞെരുങ്ങി  കടന്നുപോകുന്ന ബ്രിട്ടീഷ് പൌണ്ടും , സ്ഥിരതയില്ലാത്ത ചൈനീസ് യുവാനും  അപകാരികള്‍ ആണെന്ന് പ്രതിയോഗികള്‍  പറഞ്ഞുപരത്തുന്നുണ്ട്. ആഗോള വ്യാപാരത്തില്‍  2010 ല്‍  വെറും 3% ലായി നിന്നിരുന്ന ചൈന കഴിഞ്ഞ ആര് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 % ത്തിലേക്ക് കുതിച്ചുയര്‍ന്നു  മുന്നേറിക്കൊണ്ടിരിക്കുന്നു . ഗ്യാസിനും മൊട്ടുസൂചിക്കും പയര്‍ മണിക്കും യുവാനില്‍ വില രേഖപ്പെടുത്തി വരുന്ന ദിവസ്സം അതി വിദൂരമല്ലെന്ന് തോന്നുന്നു.

ഇതൊന്നും കണ്ടു ഭയപ്പെടുന്നതല്ല അമേരിക്കയെന്നു ലോകരാജ്യങ്ങള്‍ക്ക് അറിയാം. ചൈനയുടെ ഏറ്റവും വലിയ കടക്കാരന്‍ അമേരിക്കയെന്നത് വാസ്തവം തന്നെ, അത് കൊടുത്ത് തീര്‍ക്കാവുന്നതെ ഉള്ളുവെന്ന് അമേരിക്ക വിശ്വസിക്കുന്നു. അല്ലാതെ കുത്തിനു പിടിച്ചു നിര്‍ത്തി “വെയ്യടാ 3 ട്രില്ല്യന്‍” എന്ന് അടുത്ത കാലത്തൊന്നും ചൈന ചോദിക്കാന്‍  വരികയില്ലെന്ന് , എന്തുകൊണ്ടോ  എല്ലാവരും വിശ്വസിക്കുന്നു. പ്രതിശീര്‍ഷവരുമാനത്തിന്റെയും (Per Capita Income), മൊത്താദായ  ( GDP) ത്തിന്റെയും 2015 പ്രകാരം കണക്കു നോക്കിയാല്‍ അമേരിക്ക ($ 55,507)  യുടെ നാലയലത്തു പോലും ചൈന ($ 14,107) വന്നെത്താന്‍ തപസ്സിരിക്കേണ്ടി വരും. ആഗോളകരുതല്‍ ശേഖരത്തിന്‍റെ  നേടും തൂണായ അമേരിക്കയുടെ 63% അത്ര വേഗം വിറ്റഴിക്കാന്‍ ആവില്ല. കാരണം ഈ വമ്പനെ ഉള്‍ക്കൊള്ളാന്‍ മാത്രം യൂറോയും യുവാനും ഒരുത്തന്റെയും കീശയില്‍ ഇല്ലതന്നെ. കുറെ യുവാന്‍ വാങ്ങിക്കൂട്ടുന്നു എന്നല്ലാതെ ആനുപാതികമായി ആരും ഡോളര്‍ വിറ്റഴിച്ചിട്ടില്ല. അതാണ്‌ അമേരിക്കന്‍ ഡോളര്‍ $$$. അമേരിക്കയുടെ കാര്യത്തില്‍ കുളിച്ചില്ലെങ്കിലും ഏതാണ്ടൊക്കെ പുരപ്പുറത്തു തന്നെയായിരിക്കും . അമേരിക്കയുടെ ഈ അശ്വത്തെ പിടിച്ചു കെട്ടാന്‍ , പുട്ടിനല്ല , അയലത്തെ ലീ കെക്വിയാങ്ങു പോലും വിചാരിച്ചാല്‍ തല്ക്കാലം നടപ്പില്ല കൂട്ടരേ ! നിത്യഹരിത നായകനായി പച്ചഡോളര്‍ തെളിഞ്ഞുനില്‍ ക്കും കഴിഞ്ഞ ആഴ്ച ലോകം ദര്‍ശിച്ച സൂപര്‍ മൂണ്‍ പോലെ.

Related News

Go to top