ദേശീയ പതാകയോട് അനാദരവ് പ്രകടിപ്പിക്കുകയോ, രഹസ്യമായോ,

പരസ്യമായോ അഗ്‌നിക്കിരയാക്കുകയോ ചെയ്യുന്നവര്‍ക്ക് പൗരത്വ നിഷേധമോ, ജയില്‍ ശിക്ഷയോ ലഭിക്കുന്നതിനുളള നടപടികള്‍ ആലോചിക്കുന്നു എന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന രാഷ്ട്രീയ നേതാക്കന്മാരുടേയും ജുഡീഷ്യറിയുടേയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു.

ഭരണഘടന അനവദിച്ച 'ഫ്രീഡം ഓഫ് സ്പീച്ച്' അവകാശത്തില്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ദേശീയ പതാക കത്തിക്കുന്നത് നിയമ വിധേയ മാണെന്ന് 1989 ലെ സുപ്രീം കോടതി വിധി നിലനില്ക്കുന്ന സാഹചര്യത്തി ലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം വിവാദമായത്.

1907ലായിരുന്നു ദേശീയ പതാക കത്തിക്കുന്നത്. ബാന്‍ ചെയ്തുകൊണ്ട് ആദ്യമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. വിയറ്റ്‌നാം യുദ്ധം ആരംഭിച്ചതോടെ ഈ വിധിയുടെ സാധുത ചോദ്യം ചെയ്യപ്പെട്ടു. 1968 ല്‍ യുഎസ് കോണ്‍ഗ്രസ് ദേശീയ പതാക കത്തിക്കുന്നത് തടഞ്ഞു കൊണ്ടുളള ഫെഡറല്‍ ലൊ അംഗീകരിച്ചു പാസ്സാക്കി. നാല്പത്തിയെട്ട് സംസ്ഥാനങ്ങളില്‍ ഇതോടെ ഈ നിയമം നിലവില്‍ വന്നു.

1984 ല്‍ സുപ്രീം കോടതി വിധിയും ഫെഡറല്‍ ലൊയും നിലനില്‌ക്കെ ടെക്‌സാസില്‍ നിന്നുളള റവല്യൂഷനറി കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവ് ഗ്രിഗറി ലി ജോണ്‍സും സഖാക്കളും ദേശീയ പതാക പെട്രോള്‍ ഒഴിച്ചു പരസ്യമായി കത്തിച്ചു. നിക്വരാഗൊ, ഗ്രെനേഡ തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്നത്തെ പ്രസിഡന്റായിരുന്ന റോണാള്‍ഡ് റീഗന്‍ നടത്തിയ ഇടപെടലുകളില്‍ പ്രതിഷേധിക്കുന്നതിനായിരുന്നുവത്. 

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത എല്ലാവരേയും അറസ്റ്റു ചെയ്തുവെങ്കിലും ജോണ്‍സന്റെ പേരില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചത്. ടെക്‌സാസ് നിയമമനുസരിച്ച് ജോണ്‍സണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ വിധിക്കെതിരെ ജോണ്‍സന്‍ സുപ്രീം കോടതിയെ സമീപിച്ചു.

നിലവിലുളള ഫസ്റ്റ് അമന്റ്‌മെന്റ് ആക്ട്(റൈറ്റ്), ജോണ്‍സന്റെ പ്രവര്‍ത്തികള്‍ക്ക് സിംപോളിക്ക് സ്പീച്ച് സംരക്ഷണം നല്‍കുന്നതെന്ന് ജോണ്‍സനുവേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു. വാദം അംഗീകരിച്ചു 9 സുപ്രീം കോടതി ജഡ്ജിമാരില്‍ 5 പേര്‍ അനൂകൂല വിധി പ്രഖ്യാപനം നടത്തി. വില്യം ബ്രണ്ണര്‍, മാര്‍ഷല്‍, ബ്ലാക്ക് മണ്‍, കെന്നഡി, സ്കാലിയ എന്നിവരായിരുന്നു അഞ്ചുപേര്‍.

1989 ലെ വിധിക്ക് ചില മാസങ്ങള്‍ക്കുശേഷം എച്ച്. ആര്‍. 2978 ബില്‍ കോണ്‍ഗ്രസ് പാസ്സാക്കി കോടതി വിധിയെ മറികടക്കാന്‍ ശ്രമിച്ചുവെങ്കിലും ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വീണ്ടും റൂളിങ് നല്‍കി.

2006 ല്‍ ഹിലറി ക്ലിന്റന്റെ പിന്തുണയോടെ ദേശീയ പതാക കത്തിക്കുന്നത് തടയുന്ന ബില്‍ കൊണ്ടു വന്നതും പരാജയപ്പെടുകയായിരുന്നു.

ഈ വര്‍ഷം ക്ലീവ് ലാന്റില്‍ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിനിടെ ജോണ്‍സന്‍ വീണ്ടും പതാക കത്തിച്ചുവെങ്കിലും കേസെടുക്കാനായില്ല. തുടര്‍ന്ന് ജോണ്‍സന്‍ ധരിച്ചിരുന്ന പാന്റിന് തീപിടിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്.

ദേശീയ പതാക അവഹേളിക്കപ്പെടുന്നതും അഗ്‌നിയ്ക്കിരയാക്കുന്നതും നോക്കി നില്‍ക്കാന്‍ ദേശ സ്‌നേഹമുളള ഒരു പൗരനും കഴിയുകയില്ല എന്നത് തന്നെയാണ് നിയുക്ത പ്രസിഡന്റിനെ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തുവാന്‍ പ്രേരിപ്പിച്ചത്.

1989 ല്‍ സുപ്രീം കോടതി വിധി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച സ്കാലിയായുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ജഡ്ജിയെ ട്രംപ് നിയമിക്കുന്നതോടെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാടുക്കള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ പതാക മാത്രമല്ല. 

ദേശീയ ഗാനം കൂടി ആദരിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി വിധി ഈ സാഹചര്യത്തില്‍ പ്രധാന്യമര്‍ഹിക്കുന്നു. ആദ്യ കാലങ്ങളില്‍ തിയ്യറ്ററുകളില്‍ സിനിമാ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ഉണ്ടായിരുന്ന ദേശീയ ഗാനാലാപം സിനിമ തുടങ്ങുന്നതിനു മുമ്പ് വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിനിമാ പ്രദര്‍ശനം കഴിഞ്ഞു പെട്ടെന്ന് പുറത്തിറങ്ങുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശീയ ഗാനം പാടുന്നതു വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയുകയില്ല എന്നതും പ്രദര്‍ശനം തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനാലാപനം ജനങ്ങളില്‍ ദേശീയ ബോധം ഉണര്‍ത്തുന്നതിനും ഇടയാകും എന്ന തിരിച്ചറിവുമാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ദേശീയ ഗാനവും ദേശീയ പതാകയും ഇത്രയും ആദരിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രൗഡിയുടേയും ഐക്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ദേശീയതയുടേയും പ്രതീകമായി നിലനില്ക്കുന്ന അമേരിക്കന്‍ ദേശീയ പതാകയും തികച്ചും ആദരിക്കപ്പെടേണ്ടതാണ്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെ. 

ഈ വിഷയത്തില്‍ ട്രംപ് എടുക്കുന്ന തീരുമാനത്തിനു പിന്തുണ നല്‍കുവാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

 

 

Related News

Go to top