അഭിപ്രായ സ്വാതന്ത്ര്യത്തിനും അന്വേഷണാത്മകമായ മാധ്യമ പ്രവര്‍ത്തനത്തിനും

ഏറ്റവും പ്രാധാന്യമുള്ള ഒരു യുഗത്തില്‍ നാം ജീവിക്കുമ്പോള്‍, പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ പലരും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജയിലറകളില്‍ കിടക്കുന്നുവെന്നത് ഭയാനകമായ ഒരു സത്യം തന്നെ. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസ്സരിച്ച് സംഭവങ്ങള്‍ സത്യസന്ധമായി ലോകത്തിലെ കോടാനുകോടി ജനങ്ങളില്‍ എത്തിക്കുന്ന പൊതുജനസേവനം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. പത്രമാകട്ടെ, റ്റീവീയാകട്ടെ, മറ്റു ദൃശ്യശ്രവ്യമാധ്യമങ്ങള്‍ ആകട്ടെ നിമിഷങ്ങള്‍ക്കകം പൊതുജനങ്ങളില്‍ വാര്‍ത്തയും, വിജ്ഞാനവും വിനോദവും എത്തിക്കുന്നത് നിസ്സാരമായ ഒരു പണിയല്ല. മാത്രമല്ല രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വവും തെല്ലും നിസ്സാരമല്ല. അപ്പോള്‍ ആ ദൌത്യത്തില്‍ കര്‍മ്മനിരതര്‍  ആയവരെ ഭീകരര്‍ എന്ന് മുദ്രകുത്തി ഒതുക്കുന്നത്‌ അന്യായമാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം, അല്ലാതെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് വാര്‍ത്തകള്‍ തേടി അലയുന്നവരെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസൃതമായി, ഇരുട്ടറയില്  നിര്‍ദാക്ഷിണ്യം തള്ലുകയല്ല അഭികാമ്യം. ഡിസമ്പര്‍ 2016 ലെ കണക്കനുസ്സരിച്ചു 259 പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ ഇരുമ്പഴിക്കുള്ളിലാണ്. തൂലിക പടവാള്‍ ആക്കി ലോകചരിത്രത്തിന്റെ ഗതിവിഗതികളുടെ  അമരക്കാരെന്നു അഭിമാനിക്കുന്ന പത്രപ്രവര്‍ത്തകരെ വെറും മോഷ്ടാവിനെപ്പോലെയോ അഥവാ ഭീകരനായോ കുറ്റംചുമത്തി ഒതുക്കുന്ന നയം ഒരു രാജ്യത്തിനും ഭൂഷണമല്ല. ടര്‍ക്കിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍, 81 പേരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കില്‍ അടച്ചിരിക്കുന്നത്.

ചൈന, എത്യോപ്യ, ഈജിപ്റ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ത്തന്നെയാണ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ടു ഭാഗവും. ഇറാനില്‍ 2009 കളിലായി ഇലക്ഷന് മുന്നോടിയായി പലരെയും ജയിലുകളില്‍ ഒതുക്കിയെങ്കിലും, പിന്നീട് അതില്‍ ഭൂരിഭാഗവും സ്വതന്ത്രരായി. കേസ്സുകളുമായി അമേരിക്കയിലും വിരലില്‍ എണ്ണാവുന്ന കുറേപ്പേര്‍ 2015 നു മുമ്പായി ജയിലില്‍ ആയിരുന്നു.  ജയിലില്‍ ആയിരിക്കുന്നവരില്‍ 20% സ്വതന്ത്രമാധ്യമ പ്രവര്‍ത്തകരെന്നും, 14% പ്രക്ഷേപണ രംഗത്തുള്ളവര്‍ ആയിരുന്നുവെന്നും ബാക്കിയുള്ളവര്‍ അച്ചടി ഓണ്‍ലൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നുവെന്നും കമ്മറ്റി റ്റു പ്രോട്ടെക്റ്റ്‌ ജേര്‍ണലിസ്റ്റ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ ഡയരക്ടര്‍ ജോഎല്‍ സൈമണ്‍ കണക്കാക്കുന്നു. ഈ കണക്കുകള്‍ ഗവണ്മെന്റുകളുടെ ജയിലില്‍ കഴിയുന്നവരുടെ കാര്യം മാത്രമാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോയവരുടെയും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും നിജസ്ഥിതികള്‍ ലഭ്യമല്ല. 

ഉദാഹരണമായി, ബ്രിട്ടീഷ്‌ സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന ജോണ്‍ കാന്റ്ലീയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റേറ്റ് തട്ടിക്കൊണ്ടു പോയതിനെ   ഇന്നും കാണാതായവരുടെ പട്ടികയില്‍ പെടുത്തിയിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നതില്‍ ടെഹറാനില്‍ ഇന്നും മടി കാണിക്കാറില്ല. കെയ്യാന്‍ കരിമി  എന്ന ഡോക്കുമെന്ററി നിര്‍മ്മാതാവിനെ 223 ചാട്ടവാറടിയും കൊടുത്ത് ഒരു വര്ഷം ജയിലില്‍ അടച്ചിരിക്കുന്നത് "റൈറ്റിംഗ് ഓണ്‍ ദി സിറ്റി" എന്ന രാഷ്ട്രീയ വിമര്‍ശക ചിത്രത്തിനാണ്. എത്യോപ്യ, പനാമാ, റഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വിദേശ പത്രപ്രവര്‍ത്തകര്‍ തടവില്‍ ഉണ്ട്. 259 തടവുകാരില്‍ 20 പത്രപ്രവര്‍ത്തകര്‍ വനിതകള്‍ ആണുതാനും.

മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍നിന്നും ഭീതിയുളവാക്കി ജയിലില്‍ അടക്കുന്നതിനെതിരായി, മാധ്യമ പ്രവര്‍ത്തക സംഘടനകളും അന്താരാഷ്‌ട്ര പ്രസ്സ് ക്ലബ്ബുകളും ഒത്തൊരുമിച്ച് ശബ്ദം ഉയര്‍ത്താനുള്ള സമയം വൈകിയിരിക്കുന്നു, കാരണം 1990 നുശേഷം ഇത്രയധികം മാധ്യമപ്രവര്‍ത്തകര്‍ പലയിടത്തായി ജയിലുകളില്‍ കഴിയുന്നത്‌ ആദ്യമായിട്ടാണ്.  

 Dr.Mathew Joys, Cincinnati, Ohio

Related News

Go to top