സ്‌റ്റോക്‌ഹോം: സ്വന്തമായി അന്തര്‍വാഹിനി വികസിപ്പിച്ച വ്യക്തിയെ

അഭിമുഖം നടത്തുന്നതിനിടെ ദാരുണമായി കൊലചെയ്യപ്പെട്ട സ്വീഡിഷ് മാധ്യമ പ്രവര്‍ത്തക കിം വാളിന്‍െറ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. തലയുള്‍പ്പെടെ അവയവങ്ങളാണ് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചത്.

ആഗസ്റ്റ് 10നാണ് പീറ്റര്‍ മാഡ്‌സണ്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും വ്യക്തിയെ അഭിമുഖം നടത്താനുമായി കിം വാള്‍ പോയിരുന്നത്. കാണാതായി 12 ദിവസങ്ങള്‍ കഴിഞ്ഞ് ഇവരുടെ കൈയും കാലും മുറിച്ചുമാറ്റിയ ഉടല്‍ തീരത്തടിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ മാഡ്‌സണെ അറസ്റ്റു ചെയ്തു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കിം വാളിന്‍െറ വസ്ത്രങ്ങളും മറ്റും കഴിഞ്ഞ ദിവസം കണ്ടെടുത്തു.

ഇതിനടുത്തുനിന്നാണ് തലയും ലഭിച്ചത്. മാഡ്‌സണ്‍ നിര്‍മിച്ച അന്തര്‍വാഹിനി മുങ്ങിയിരുന്നു. കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ അന്വേഷിച്ചുവരുകയാണ്. ന്യൂയോര്‍ക് ടൈംസ്, ഗാര്‍ഡിയന്‍ ഉള്‍പ്പെടെ പ്രശസ്ത മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു കിം വാള്‍.

Go to top