ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി 2018 ജനുവരി 6ന്

വി.എഫ്.ഡബ്ല്യൂ, ഡിക്കിങ്സൺ ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെട്ട ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വൻ വിജയം.

ഗാൽവസ്റ്റൺ ഷെറിഫ് ഹെൻറി ട്രോഷേസെറ്റും, കൗണ്ടി ജഡ്‌ജിമാരായ ലൊന്നി കോക്സും, അലിസൺ കോക്സും മുഖ്യാതിഥികളായിരുന്നു. മലയാളി സമൂഹത്തെയും അവരുടെ കൂട്ടായ്‍മയെയും, കൂടാതെ അവർ ഒരുക്കിയ നയന മനോഹരവും വെത്യസ്തങ്ങളുമായ കാഴ്ചകളെയും വാനോളം ജഡ്ജിമാർ പുകഴ്ത്തിയപ്പോൾ  മലയാളി സമൂഹത്തിന്  ആവശ്യമായ എല്ലാ സഹായങ്ങളും കൗണ്ടി ഷെരിഫ് വാഗ്ദാനം ചെയ്തു. കൂടാതെ 100% സാക്ഷരതയുള്ള കേരളീയർ അഭിനന്ദനം അർഹിക്കുന്നവരാണെന്നും , അതിനുപുറമെ ഇന്ത്യൻ സമൂഹം നല്ലവരാണെന്നും ഒരു ഇന്ത്യക്കാരനേയും ഗാൽവസ്റ്റൻ കൗണ്ടി ജയിലിൽ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ വര്ഷങ്ങളിലെന്നപോലെ അമേരിക്കൻ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം കൗതുകമുണർത്തിക്കൊണ്ടു ലീഗ് സിറ്റി മലയാളികളായ വിനേഷ് വിശ്വനാഥൻ, രാജൻകുഞ്ഞു ഗീവർഗീസ്, ഷിബു ജോസഫ്, ടെൽസൺ പഴമ്പിള്ളി, സോജൻ പോൾ, രാജേഷ് പിള്ള, ബിജി കൊടകേരിൽ എന്നിവർ നിർമിച്ച ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള നക്ഷത്രങ്ങളും, കൃഷ്ണരാജ് പാലാ നിർമ്മിച്ച സ്വാദിഷ്ടമാർന്ന കൂറ്റൻ കേക്കും, ഇതുകൂടാതെ മാത്യു പൊളിൻറെ  നേതൃത്വത്തിൽ ഒരുക്കിയ അഞ്ഞൂറോളം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഇതോടൊപ്പം പ്രിയ ഗായകരായ പീറ്റർ കോറസ്, രശ്മി നായർ, സീറ തോമസ് എന്നിവരെ അണിനിരത്തി നടത്തിയ സംഗീത വിരുന്നും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാർന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ യേകുന്നതായിരുന്നു.  കൂടാതെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു.

കോഡിനേറ്റർമാരായ സോജൻ ജോർജ്, ബിനു പാപ്പച്ചൻ, രാജ്‌കുമാർ മേനോൻ, ലിഷ ടെൽസൺ, റെജി ഷിബു, സന്ധ്യ രാജേഷ് എന്നിവരെകൂടാതെ യൂത്ത് കോർഡിനേറ്റർമാരായ മരിറ്റ ജോസഫ്, അമൽ അനിൽ, രേഷ്‌ലി രാജൻകുഞ്ഞ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

പരസ്പര കൂട്ടായ്‍മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റർ ബെല്സ് 2018 മറ്റുള്ളവർക്കും ഒരു മാതൃകയാകട്ടെ.

റിപ്പോർട്ട്: ജീമോൻ റാന്നി

Related News

Go to top