സംസ്ഥാനത്തെ ധാതുസമ്പത്ത് വ്യവസായ ആവശ്യത്തിന് പ്രയോജനപ്പെടുത്തുന്നതിന്

പൊതുമേഖലയുടെ നിയന്ത്രണത്തില്‍ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളുടെ അവലോകനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സിന്റെ വിപുലീകരണ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാവശ്യമായ അനുമതികള്‍ ഏകജാലകത്തിലൂടെ തടസ്സങ്ങളില്ലാതെ ലഭ്യമാക്കുന്നതിനുളള നിയമ നടപടികള്‍  പുരോഗമിക്കുകയാണ്. 6 നിയമങ്ങളിലും 13 ചട്ടങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതുപൂര്‍ത്തിയാവുമ്പോള്‍ ഓണ്‍ലൈനില്‍ പൊതുവായ അപേക്ഷ സ്വീകരിച്ച് വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കഴിയും. 

അടുത്ത അധ്യയന വര്‍ഷം ഏഴാംതരം വരെയുളള കുട്ടികള്‍ക്ക് യൂണിഫോമിന് കൈത്തറി തുണി ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം എല്‍.പി ക്ളാസിലെ 2.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കിയത്. ഇതുവഴി 2.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

കൊച്ചിയില്‍ പെട്രോകെമിക്കല്‍ കോംപ്ളക്സ് സ്ഥാപിക്കുന്നതിനുളള നടപടികള്‍ മുന്നോട്ടുപോകുന്നു. 

സ്പോര്‍ട്സ്

14 ജില്ലകളിലും സ്റ്റേഡിയം നിര്‍മിക്കുന്നതിന് 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 

വൈദ്യുതി

കണ്ണൂരില്‍ 200 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. 2019 മെയില്‍ പൂര്‍ത്തിയാകും. ഇതിനാവശ്യമായ സ്ഥലം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നതിനുളള ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ആദ്യഘട്ടം 2019 ഡിസംബറിലും രണ്ടാംഘട്ടം 2020 ഡിസംബറിലും പൂര്‍ത്തിയാകും. വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനുളള പദ്ധതി 2018 ഡിസംബറില്‍ തീരും. 

കൃഷി

നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 16 പദ്ധതികളാണ് നടപ്പാക്കുന്നത്. 1.8 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിക്കുന്നതിനുളള പദ്ധതിയുടെ 35.8 ശതമാനം പൂര്‍ത്തിയായി. സവിശേഷ നെല്ലിനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, കരനെല്‍കൃഷി എന്നിവയിലും നല്ല പുരോഗതിയുണ്ട്. പച്ചക്കറി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനു 24 പദ്ധതികളാണ് നടപ്പാക്കുന്നത്. 

ഭക്ഷ്യം 

സംസ്ഥാനത്ത് ഭക്ഷ്യ ഗവേഷണത്തിനും വികസനത്തിനുമായി കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കോന്നിയിലെ ഭക്ഷ്യനിലവാരം പരിശോധിക്കുന്നതിനുളള ലാബും ഫുഡ്ടെക്നോളജി കോളേജും ഭക്ഷ്യസംസ്കരണ പരിശീലന കേന്ദ്രവും നടത്തുന്നത് ഈ കൌണ്‍സിലാണ്. കൌണ്‍സിലിനു കീഴില്‍ സ്കൂള്‍ ഓഫ് ഫുഡ്  ബിസിനസ് മാനേജ്മെന്റ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ ആധുനിക സംവിധാനത്തോടെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നു. റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുമ്പോള്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിനുളള ഒരുക്കങ്ങള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങണം.

ചൊവ്വാഴ്ചത്തെ അവലോകനത്തില്‍ മന്ത്രിമാരായ അഡ്വ. കെ. രാജു, ജെ മേഴ്സികുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, ജി സുധാകരന്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. തിലോത്തമന്‍, കെ.ടി.ജലീല്‍, വി.എസ്. സുനില്‍കുമാര്‍, കടകംപളളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എം.എം. മണി, എ.സി. മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഡിനേഷന്‍) വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ എന്നിവരും പങ്കെടുത്തു. 

 

Related News

Go to top