ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പും

തുടര്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവലോകനത്തില്‍ വ്യക്തമായി.

18 കി.മീറ്റര്‍ വരുന്ന തലശ്ശേരി മാഹി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 66 ശതമാനം പൂര്‍ത്തിയായി. 28 കി.മീറ്റര്‍ കോഴിക്കോട് ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 94 ശതമാനം തീര്‍ന്നു. തലപ്പാടി-ചെങ്ങള 39 കി.മീറ്റര്‍ ഭാഗത്ത് 70 ശതമാനം ഭൂമിയും ദേശീയപാത അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇതിന് ടെണ്ടര്‍ ക്ഷണിക്കും. ചെങ്ങള-കാലിക്കടവ് 48 കീ.മീറ്ററിന്റെ സ്ഥലമെടുപ്പും പുരോഗമിക്കുകയാണ്. വെങ്ങളം-കുറ്റിപ്പുറം, കുറ്റിപ്പുറം-ഇടപ്പളളി-തുറവൂര്‍, ചേര്‍ത്തല-ഓച്ചിറ, ഓച്ചിറ-തിരുവനന്തപുരം റീച്ചുകളിലും സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. ഉദ്ദേശം 32,500 കോടി രൂപ ചെലവിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. 

മലയോര ഹൈവേ എന്ന പോലെ തീരദേശ ഹൈവേക്കും ചുരുങ്ങിയത് 12 മീറ്റര്‍ വീതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലയോര ഹൈവേയും (1251 കി.മീറ്റര്‍) തീരദേശ ഹൈവേയും (623 കി.മീറ്റര്‍) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. രണ്ടു ഹൈവേകള്‍ക്കും കൂടി 10,000 കോടി രൂപയാണ് ചെലവ്.

തിങ്കളാഴ്ച തുടങ്ങിയ പദ്ധതി അവലോകനം ചൊവ്വാഴ്ച വൈകീട്ട് പൂര്‍ത്തിയായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. വകുപ്പുമായി ബന്ധപ്പെട്ട മറ്റു ചില പ്രശ്നങ്ങളും ഇതിനിടയില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഉന്നയിക്കുകയുണ്ടായി. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുളള നിര്‍ദേശവും അവലോകനത്തില്‍ ഉണ്ടായി. 

വനം-വന്യജീവി

വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുളള പദ്ധതിയുടെ ഭാഗമായി ആനകളെ പ്രതിരോധിക്കുന്ന കിടങ്ങ് 20 കി.മീറ്ററില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2 കി.മീറ്റര്‍ പൂര്‍ത്തിയായി. ആനകളെ തടയുന്ന മതില്‍ 10 കി.മീറ്ററിലാണ് നിര്‍മ്മിക്കുന്നത്. അതില്‍ 7.5 കി.മീറ്റര്‍ പൂര്‍ത്തിയായി. 200 കി.മീറ്ററില്‍ സൌരോര്‍ജ്ജ വേലി കെട്ടുന്നുണ്ട്. 10 കി.മീറ്റര്‍ പൂര്‍ത്തിയായി.

ക്ഷീരവികസനം

കന്നുകുട്ടി പരിപാലനത്തിന് ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കുന്ന ഗോവര്‍ധിനി പദ്ധതി പ്രകാരം ഈ വര്‍ഷം 14,448 കന്നുകുട്ടികളെ ദത്തെടുക്കാനായിരുന്നു ലക്ഷ്യം. അതില്‍ 12,695 കന്നുകുട്ടികളെ ദത്തെടുത്തു. 87 ശതമാനം. പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കന്നുകുട്ടികളെ ഈ പദ്ധതിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നാല് മാസം മുതല്‍ 32 മാസം വരെ കന്നുകുട്ടികള്‍ക്കും പശുക്കള്‍ക്കും തീറ്റ സബ്സിഡി നല്‍കും. ഒരു ലക്ഷം കന്നുകുട്ടികള്‍ എന്ന ലക്ഷ്യം നേടാന്‍ ആവശ്യമെങ്കില്‍ കേരളത്തിന് പുറത്തുനിന്ന് കന്നുകുട്ടികളെ വാങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പാല്‍ ഉല്പാദന വര്‍ധന ലക്ഷ്യമാക്കിയുളള മറ്റുപദ്ധതികളും നല്ല നിലയില്‍ മുന്നോട്ടു പോകുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം വന്നശേഷം പാലിന്റെ ഗുണനിലവാര പരിശോധനക്ക് മൃഗസംരക്ഷണ വകുപ്പിന് അധികാരമില്ല. സിവില്‍ സപ്ളൈസ് വകുപ്പിന് മാത്രമാണ് ഇപ്പോള്‍ അധികാരം. വിജ്ഞാപനം വഴി പരിശോധനക്ക് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ഗുണനിലവാലമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ ലാബ്  സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് ലാബ് സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ലാബ് കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. 

 

Related News

Go to top