നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം

മൂന്നാറിലേക്കുളള വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്. അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന കാലമാണ്. ഈ സീസണില്‍ ഏകദേശം എട്ടു ലക്ഷം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. 

മൂന്നാറില്‍ പലസ്ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൌണില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുളള ഇരവികുളം ദേശീയോദ്യാനമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്താനാണ് തീരുമാനം. പൂക്കാലം ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം ദേശീയോദ്യാനം സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

മൂന്നാറില്‍ ഒരേസമയത്ത് എത്ര സഞ്ചാരികളെ ഉള്‍ക്കൊളളാന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തണമെന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി പരസ്യപ്പെടുത്തണം. വാഹനങ്ങള്‍ നിയന്ത്രിക്കുകയും ആവശ്യമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. പ്ളാസ്റ്റിക് കുപ്പി, പ്ളാസ്റ്റിക് ക്യാരി ബാഗ് എന്നിവ നിരോധിക്കണം. മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനമൊരുക്കാത്ത  റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കണം. കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാര്‍ പ്രദേശം ഏറ്റവും വൃത്തിയായി സൂക്ഷിക്കണം. അതിനാവശ്യമായ ശുചീകരണ ജോലിക്കാരെ നിയോഗിക്കണം. വേണ്ടത്ര ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തണം. റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പ് റിപ്പയര്‍ ചെയ്യണം. അടിയന്തര ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങള്‍ നേരിടുന്നതിനും തയ്യാറെടുപ്പ് വേണം. 

സീസണില്‍ എത്രത്തോളം വാഹനങ്ങള്‍ വരുമെന്നതിനെ കുറിച്ച് പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍. വഴിയോര കച്ചവടം ക്രമാതീതമായി വര്‍ദ്ധിക്കാനിടയുണ്ട്. അതിനാല്‍ നിയന്ത്രണം വേണമോ എന്ന് ആലോചിക്കണം. വാഹന പരിശോധന കര്‍ശനമാക്കണം. വാഹനങ്ങളില്‍ മദ്യം കൊണ്ടുപോകുന്നത് തടയണം. 

ഇരവികുളം ദേശീയപാര്‍ക്കിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് കൂടുതല്‍ ബസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 50 ശതമാനം ടിക്കറ്റ് ഓണ്‍ലൈനായി നല്‍കും. പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുളള സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. എന്നാല്‍ ഒരു സന്ദര്‍ശകന് പാര്‍ക്കില്‍ ചെലവഴിക്കാവുന്ന സമയത്തിന് നിയന്ത്രണമുണ്ടാകും. 

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിക്കും. നീലക്കുറിഞ്ഞി സീസണ്‍ കേരളത്തിന്റെ ടൂറിസം പ്രോത്സാഹനത്തിന് പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ വനം മന്ത്രി അഡ്വ. കെ. രാജു, തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമലവര്‍ധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 

 

Related News

Go to top