ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍

ബ്ളോക്ക് അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ഏകോപിത പ്രൊജക്ടുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ജില്ലാ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഏകോപിത പ്രൊജക്ടുകളുടെ എണ്ണവും ഗുണമേ•യും വിലയിരുത്തപ്പെടും. ഈ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന വികസന കൌണ്‍സില്‍ ജില്ലാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാതല പദ്ധതികള്‍ ജനുവരി മൂന്നാംവാരം സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതി മുമ്പോകെ അവതരിപ്പിക്കണം. അതിനുശേഷം സംസ്ഥാന വികസന കൌണ്‍സില്‍ ചേര്‍ന്ന് പദ്ധതികള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ജില്ലാ പദ്ധതി രൂപീകരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും വലിയ മാറ്റം വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 15-നു മുമ്പ് എല്ലാ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചു. അതിനാല്‍ പദ്ധതി നിര്‍വ്വഹണത്തിന് ഒമ്പതു മാസത്തിലേറെ സമയം കിട്ടി. ജില്ലാ ആസുത്രണ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. 

ഈ മാറ്റത്തിന്റെ തുടര്‍ച്ചയായി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം തന്നെ പദ്ധതി നിര്‍വ്വഹണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. പദ്ധതി ആസുത്രണ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ ആരംഭിക്കണം. ഗ്രാമസഭകളുടെയും വാര്‍ഡു സഭകളുടെയും യോഗങ്ങള്‍ ജനുവരി അവസാനത്തോടെ ചേരുന്നതിന് ക്രമീകരണം ഉണ്ടാക്കണം. എങ്കിലെ 2018 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത വര്‍ഷത്തെ പദ്ധതി ജില്ലാ ആസുത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടാന്‍ കഴിയൂ. 

ജില്ലാ പദ്ധതി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തു വേണം പ്രാദേശിക സര്‍ക്കാരുകള്‍ അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കേണ്ടത്. അതിനാല്‍ ഗ്രാമസഭകളും വാര്‍ഡുസഭകളും ചേരുന്നതിനു മുമ്പ് ജില്ലാ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ലാ പദ്ധതികള്‍ ആസുത്രണ രംഗത്ത് സ്വാഗതാര്‍ഹമായ വലിയ മാറ്റമുണ്ടാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളുടെ ഏകോപനമാണ് ജില്ലാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ഏകോപനം വികസനത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും. വിവിധ വികസന ഏജന്‍സികള്‍ കൂട്ടായി ഏറ്റെടുക്കുന്ന നിരവധി ഏകോപിത സമഗ്ര പ്രൊജക്ടും ജില്ലകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സര്‍ക്കാരിന്റെ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായാണ് ഓരോ മേഖലയുടെയും ജില്ലാ പദ്ധതി തയ്യാറാക്കുന്നതെന്ന് ജില്ലാ ആസുത്രണ സമിതികള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

 

Related News

Go to top