ഓഖി ചുഴലിക്കാറ്റിന്റെ ദുരിതനിവാരണത്തിന് കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന്

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉറപ്പു നല്‍കി. തിരുവനന്തപുരത്തെ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജനുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഈ ഉറപ്പുനല്‍കിയത്.

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് സാങ്കേതികമായ തടസ്സമുണ്ടെങ്കില്‍, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഉദാരമായ സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദീര്‍ഘകാല പുനരധിവാസ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ നിവേദനം തയ്യാറാക്കി ആഭ്യന്തര, കൃഷി മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു. 

ദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം വിശദീകരിച്ചു. 30-ന് രാവിലെ 8.30-നാണ് തീവ്ര ന്യൂനമര്‍ദം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന ഉപദേശം മാത്രമാണ് ഈ സമയത്ത് നല്‍കിയ അറിയിപ്പ്. ഈ ന്യൂനമര്‍ദം ചുഴലിയായി മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 12 മണിക്ക് മാത്രമാണ് ലഭിച്ചത്. ഉടന്‍തന്നെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികള്‍ സ്വീകരിച്ചു. വ്യോമ-നാവിക സേനകളും കോസ്റ്റ് ഗാര്‍ഡും സംസ്ഥാനത്തെ വിവിധ വകുപ്പുകളും ഏകോപിതമായി ദുരന്തത്തെ നേരിടാന്‍ രംഗത്തിറങ്ങി. സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്രമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണമെന്നും അവര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപളളി സുരേന്ദ്രന്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, നാവിക-വ്യോമ- കര സേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥര്‍, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

Related News

Go to top