പത്തനംതിട്ട: ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാലങ്ങളായി

കൈവശംവച്ച് അനുഭവിക്കുന്ന വന്‍കിട ഭൂമാഫിയകള്‍ക്കെതിരെ ചെറുവിരലനക്കാതെ സംരക്ഷണമേകുന്നത് റവന്യൂവകുപ്പാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

പതിറ്റാണ്ടുകളായി കൈവശമിരിക്കുന്നതും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതും ജീവനോപാധിക്കായി കൃഷിചെയ്യുന്നതുമായ കര്‍ഷകരുടെ ഭൂമി വനഭൂമിയാണെന്ന് സ്ഥാപിക്കുവാനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. കര്‍ഷകരുടെ കൈവശഭൂമിയുടെ പട്ടയം റദ്ദാക്കുക, കരമടയ്ക്കുന്നത് നിഷേധിക്കുക, ക്രയവിക്രയങ്ങള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ ജനദ്രോഹനടപടികള്‍ തുടരുമ്പോഴും സര്‍ക്കാര്‍ഭൂമി കൈവശംവച്ചിരിക്കുന്ന വമ്പന്‍സ്രാവുകളെ തൊടാന്‍ റവന്യൂവകുപ്പ് മടിക്കുന്നു. ടാറ്റാ, ഹാരിസണ്‍, ടിആര്‍ആന്റ്ടി തുടങ്ങിയ വന്‍കിട ഭൂമാഫിയകളുടെ ആധാരങ്ങള്‍ വ്യാജമാണെന്നും കൈവശഭൂമിയില്‍ അവകാശമില്ലെന്നും രാജമാണിക്യം റിപ്പോര്‍ട്ടുള്‍പ്പെടെ വ്യക്തമായ തെളിവുകളും രേഖകളുമുണ്ടായിരിക്കെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍നിന്ന് കൈപ്പറ്റുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകളില്‍ നിരന്തരം തോറ്റുകൊടുക്കുന്നതിന്റെ പിന്നാമ്പുറം അന്വേഷണവിധേയമാക്കണം. കോടതി വ്യവഹാരങ്ങളിലൂടെ ഭൂമാഫിയകള്‍ക്ക് രക്ഷപെടുവാന്‍ സര്‍ക്കാര്‍തന്നെ പഴുതു തുറന്നുകൊടുക്കുന്നത് രാജ്യദ്രോഹമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ കൈവശഭൂമിയും ഇതരസ്വത്തുക്കളും പുത്തന്‍കമ്പനികള്‍ രൂപീകരിച്ച് വില്പനയ്‌ക്കൊരുങ്ങുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ മൗനസമ്മതമുണ്ടെന്ന് സംശയിക്കപ്പെടുന്നു. 

ചെറുകിട കര്‍ഷകര്‍ക്കുള്ള പട്ടയ ഉപാധികള്‍ ലഘൂകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടും തുടര്‍നടപടികളില്ലാതെ അട്ടിമറിക്കപ്പെടുകയാണ്. അസംഘടിത കര്‍ഷകരുടെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബികളുടെ ദ്രോഹനടപടികള്‍ക്കെതിരെ കര്‍ഷകര്‍ സംഘടിക്കണമെന്നും വി.സി.സെബാസ്റ്റന്‍ പറഞ്ഞു. 

ഫാ.ആന്റണി കൊഴുവനാല്‍

ജനറല്‍ സെക്രട്ടറി

Related News

Go to top