കൊച്ചി: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റി(ഇന്‍ഫാം)ന്റെ ആഭിമുഖ്യത്തില്‍

ജനുവരി 15 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ആയിരത്തില്‍പരം കേന്ദ്രങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു. 

കര്‍ഷകറാലി, മികച്ച കര്‍ഷകരെ ആദരിക്കല്‍, യുവജനവിദ്യാര്‍ത്ഥി കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ എന്നിവ ചടങ്ങുകളിലുണ്ടാകും. കാര്‍ഷികമേഖലയിലെ വിവിധ വിഷയങ്ങളുടെ പങ്കുവയ്ക്കല്‍, ഇടനിലക്കാരില്ലാത്ത കര്‍ഷകവിപണികള്‍, കര്‍ഷകസംരംഭങ്ങള്‍, ജൈവകൃഷി പ്രോത്സാഹനപദ്ധതികള്‍, രാജ്യാന്തരകരാറും കാര്‍ഷികമേഖലയും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചാസമ്മേളനങ്ങളും കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതിനോടനുബന്ധിച്ച് അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഇന്‍ഫാം പ്രവര്‍ത്തകര്‍ വിവിധ കാര്‍ഷികോല്പന്നങ്ങള്‍ വിതരണം ചെയ്യും. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഇന്‍ഫാം കര്‍ഷകദിനാചരണത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതാണ്. കര്‍ഷകദിനാചരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്‍സമിതി പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. 

ദേശീയതല കര്‍ഷകദിനാചരണം കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കല്ലേമുതിരക്കുന്ന് കര്‍ഷകഗ്രാമത്തിലാണ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, പനവേല്‍, കര്‍ണ്ണാടകയിലെ മംഗലാപുരം, ചിക്ക്മംഗലൂര്‍, ഷിമോഗാ, മൈസൂര്‍ എന്നിവിടങ്ങളിലെയും കര്‍ഷകപ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, തലശേരി അതിരൂപതാ ഇന്‍ഫാം ഡയറക്ടര്‍ ഫാ.ജോസ് കാവനാടി, ഫാ.ജെയ്‌സണ്‍ ആനിക്കാത്തോട്ടം, കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സ്കറിയ നെല്ലംകുഴി, ജില്ലാ സെക്രട്ടറി സ്കറിയ കളപ്പുര, ബാബു അടിച്ചിറ എന്നിവരടങ്ങുന്ന സംഘാടകസമിതി ദേശീയ കര്‍ഷകദിനാചരണത്തിന് നേതൃത്വം നല്‍കും. 

സംസ്ഥാനതല കര്‍ഷകദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. ജ്വാല ഓഡിറ്റോറിയത്തില്‍ ചേരുന്ന കര്‍ഷകനേതൃസമ്മേളനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും. തുടന്ന് അമ്മയ്ക്കരുകില്‍ പരിപാടിയുടെ ഭാഗമായി വിവിധ വൃദ്ധസദനങ്ങളില്‍ ഇന്‍ഫാം പ്രവര്‍ത്തകര്‍ കാര്‍ഷികോല്പന്നങ്ങള്‍ വിതരണം ചെയ്യും. മികച്ച കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ക്ക് ഇന്‍ഫാം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നേടിയവരെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 20ന് കട്ടപ്പനയില്‍ നടക്കുന്ന പതിനായിരം കര്‍ഷകരുടെ റാലിയെത്തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട് എന്നിവര്‍ അറിയിച്ചു. 

ഫാ.ആന്റണി കൊഴുവനാല്‍

ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Related News

Go to top