കോട്ടയം: കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ റബര്‍ ഉത്തേജക പദ്ധതിക്കായി സര്‍ക്കാര്‍

പ്രഖ്യാപിച്ച 500 കോടിയുടെ വിഹിതം കര്‍ഷകര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഫെബ്രുവരി 2-ലെ സര്‍ക്കാരിന്റെ അടുത്ത വാര്‍ഷിക ബജറ്റിനു മുമ്പായി നിലവിലുള്ള കുടിശിഖകള്‍ തീര്‍ക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  

2017 മാര്‍ച്ച് 3ന് ധനമന്ത്രി നിയമസഭയിലവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംബജറ്റിന്റെ 99-ാം ഖണ്ഡികയില്‍ ചെറുകിട കൃഷിക്കാര്‍ക്ക് റബര്‍ അടിസ്ഥാനവില 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള വിലസ്ഥിരതാപദ്ധതി തുടരുന്നതിനായി 500 കോടി രൂപ വകയിരുത്തി പ്രഖ്യാപനം നടത്തിയത് സമയബന്ധിതമായി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. റബര്‍ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനിഷേധനിലപാട് സ്വീകരിച്ച് മുഖംതിരിഞ്ഞ് നില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജകപദ്ധതി മാത്രമാണ് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക്  ആശ്വാസമേകുന്നത്.  

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 300 കോടി രൂപയാണ് ഉത്തേജകപദ്ധതിയില്‍ വകയിരുത്തി നല്‍കിയത്.  ഈ സര്‍ക്കാരാകട്ടെ രണ്ടുബജറ്റുകളിലായി 500 കോടിവീതം 1000 കോടി പ്രഖ്യാപിച്ചു.  4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 3.44 ലക്ഷം കര്‍ഷകര്‍ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 2017 ജൂണ്‍ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണിവിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.  കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.  ആദ്യബജറ്റിലെ ബാക്കിയായ 23.76 കോടി രൂപ കര്‍ഷകരുടെ അക്കൌണ്ടിലേയ്ക്ക് ഇപ്പോള്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു.  കഴിഞ്ഞ ജൂണ്‍മാസം മുതലുള്ള കുടിശിഖയാണ് കര്‍ഷകന് ലഭിക്കുവാനുള്ളത്.  കുടിശിഖ തുകകള്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ഉറപ്പ് കര്‍ഷകന് പ്രതീക്ഷനല്‍കുന്നു.  

അടുത്ത ബജറ്റില്‍ റബര്‍ ഉത്തേജകപദ്ധതിക്ക് 1000 കോടിരൂപ വകയിരുത്തണം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍ പാര്‍ക്കും, മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ആരംഭിച്ചിരിക്കുന്ന റബര്‍ കര്‍ഷകരുടെയും സര്‍ക്കാര്‍ സംയുക്ത സംരംഭങ്ങളുടെയും പദ്ധതികളുടെയും  പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തണമെന്നും  വി.സി.സെബാസ്റ്റന്‍ അഭ്യര്‍ത്ഥിച്ചു. 

ഫാ.ആന്റണി കൊഴുവനാല്‍

ജനറല്‍ സെക്രട്ടറി

 

Related News

Go to top