അങ്ങനെ ഒന്നാം ലോക കേരള സഭ സമാപിച്ചു..മുഖ്യമന്ത്രിയോടൊപ്പവും

നടി ആശാ ശരത്തിനോടൊപ്പവും ഫോട്ടോകളെടുത്ത് സായുജ്യമടഞ്ഞു ഏല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങി അടുത്ത വർഷം ഇതേ സമയത്തു് , ഇതേ സ്ഥലത്ത് വച്ച് വീണ്ടും നമ്മൾ കാണും ..... കാണണം ... എന്ന് മുഖ്യമന്ത്രി പറഞ്ഞത് വന്നവരെല്ലാം അത്യാഹ്ലാദത്തോടെ തല കുലുക്കി കൈയ്യടിച്ചു പിരിഞ്ഞു. 

സഭയിൽ അംഗമായെന്ന് ചിലർ സ്വയം വാർത്തകൾ എഴുതിക്കൊടുത്തു സായൂജ്യമടഞ്ഞു.  ചിലരൊക്കെ അംഗമാകാൻ പറ്റാതെ നിരാശരായി ചുറ്റിക്കറങ്ങി നടന്ന് ഫോട്ടോയെടുത്ത് സായുജ്യമടഞ്ഞു. ഏതായാലും അമ്പതോളം അമേരിക്കൻ മലയാളികൾ (മൊതലാളികൾ) ‘തിരന്തോരത്തു ‘ കഴിഞ്ഞ രണ്ടു ദിവസമായി ചുറ്റിക്കറങ്ങുന്നുണ്ടെന്ന മൈലപ്രാ നിരീക്ഷണം തള്ളിക്കളയേണ്ട. 

സഭയിൽ അംഗമാകാൻ അവസരം കിട്ടാത്ത ചിലർ നിരാശാകാമുകന്മാരായി ശംഖുമുഖം കടപ്പുറത്ത്  ‘ മാനസ മൈനേ വരൂ ‘ പാടി  നടക്കുന്നുണ്ടാവാം എന്നാണ് പരദൂഷണകമ്മറ്റി വിലയിരുത്തുന്നത്.  

സഭയിൽ കയറിക്കൂടാനാകാതെ മടങ്ങേണ്ടി വന്നവർക്ക് അടുത്ത തവണ കയറാമെന്ന പ്രതീക്ഷയുള്ളതിനാൽ, ഒട്ടും സമയം കളയാതെ അതിനുള്ള ചരടുവലികൾ ഇപ്പഴെ തുടങ്ങാവുന്നതാണ്. കാണേണ്ടുന്നവരെ കാണേണ്ടപോലെ കണ്ടാൽ , എല്ലാം അതിന്റെ വഴിക്ക് നടക്കും. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ പഴമൊഴി.  നമ്മൾ ഒന്നും അറിയാത്തവനെപോലെ ചുമ്മാ പോട്ടം’ പിടിക്കാൻ അങ്ങ് നിന്നാൽ  മതി. 

പത്രക്കാര് ചോദിച്ചാൽ ‘തോട്ടും കരയിൽ വിമാനമിറക്കാൻ താവളമുണ്ടാക്കും ‘ എന്ന് പറയണം . അത്ര മാത്രം.  സാഹിത്യകാരന്മാർക്കു അവാർഡ് സഘടിപ്പിച്ചു കൊടുക്കുന്ന ഭാഷാ ദല്ലാളന്മാരെ പൊലെ ഇത്തരം കാര്യങ്ങൾക്കും കേരളത്തിൽ ദല്ലാളന്മാർ സുലഭം.

‘ഓക്കി’ യുടെ പേരിൽ സമ്പാദിച്ച ആക്ഷേപം വെള്ളപൂശാൻ ഉപയോഗിച്ച തുറുപ്പ് ചീട്ടായി ലോക കേരള സഭയെ ചില കുബുദ്ധികൾ വിമർശിക്കുന്നു. 

വിദേശ മലയാളികളുടെ ചിലവിൽ രാഷ്ട്രീയക്കാർക്ക് വിദേശത്ത് ഓസിന് ചുറ്റിക്കറങ്ങാനുള്ള ഒരു സെറ്റ് അപ്പായി ചിലരൊക്കെ വിമർശിക്കുന്നു.  

എന്തോ .. ആവോ... കാത്തിരുന്നു കാണാം.

Related News

Go to top