ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ

കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) സാമൂഹ്യസേവന വഴിയില്‍. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനൊപ്പം മറ്റു സാമൂഹ്യപ്രശ്‌നങ്ങളില്‍ കൂടി ഐഎപിസി ഇടപെടല്‍ നടത്തുകയാണ്. മാധ്യമപ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമാണ്. അത് മാധ്യമങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ലെന്നും സമൂഹത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നുമാണ് ഐഎപിസി കരുതുന്നതെന്നും ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഓള്‍ഡേജ് ഹോം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നഗര തിരക്കുകളില്‍ നിന്നും മാറി, എന്നാല്‍ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് 'വി കെയര്‍' എന്ന ഈ ഓള്‍ഡേജ് ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. പത്ത് ഏക്കറിലെ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ രണ്ട് നിലയില്‍, 18 വലിയ ഒറ്റമുറികളാണ് ഉള്ളത്. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. 35 കിലോ മീറ്റര്‍ ആണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്നുമുള്ള ദൂരം. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലൈബ്രറി, റീഡിംഗ് ഹോള്‍, റിക്രിയേഷന്‍ ഏരിയ, എലിവേറ്റര്‍, എല്ലാ മുറികളിലും അറ്റാച്ച്ഡ് ടോയിലറ്റ് സൗകര്യം എന്നിവയും ഇവിടെ ഉണ്ട്. 12 മാസം കൊണ്ടാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പ്രശസ്ത ആക്കിടെക്ട്ും 'ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമയുമായ പദ്മശ്രീ ശങ്കര്‍ ആണ് ഈ പ്രോജക്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്ടിനുള്ള അവാര്‍ഡു നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. തികച്ചും പ്രകൃതി രമണീയമായ ഈ സ്ഥലത്തിന്റെ എല്ലാ ഭംഗിയും അതേ പടി നില നിര്‍ത്തിയാണ് കെട്ടിട നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഈ പ്രോപ്പര്‍ട്ടിയില്‍ 90 ശതമാനവും റബ്ബര്‍ തോട്ടമാണ്. പ്രകൃതിക്ക് യാതൊരു വിധ കോട്ടവും തട്ടാതെ പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കളാണ് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ശങ്കര്‍ പറയുന്നു.

ഐപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, മുന്‍ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡ് അംഗവുമായ ജിന്‍സ്‌മോന്‍ സഖറിയ, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് മാത്തുക്കുട്ടി ഈശോ, നാഷ്ണല്‍ വൈസ് പ്രസിഡന്റ് ത്രേസ്യാമ്മ തോമസ്, ഫ്രണ്ട് ഓഫ് ഐഎപിസി കേരള ചാപ്റ്റര്‍ അംഗങ്ങളായ സജി ഡൊമനിക്, ശേഖരന്‍ നായര്‍, ശക്തിധരന്‍ നായര്‍, ഹരികുമാര്‍ തുടങ്ങിയവര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Related News

Go to top