ന്യൂയോര്‍ക്ക്: വാക്കുകള്‍ വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലേക്കു മലയാള ഭാഷ

കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരന്‍ പി.എഫ്. മാത്യൂസ്. കുയിലിന്റെ തുകിലുണര്‍ത്തലും അടയ്ക്കാ കിളിയുടെ ചിലയ്ക്കലും തവളയുടെ കരച്ചിലുമൊന്നും ഇന്നു സാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുന്നില്ല. അവയൊക്കെ അന്യംനിന്ന സ്ഥിതിയാണിപ്പോള്‍. കേരളം ഒരു മഹാനഗരമായിരിക്കുന്നു. എല്ലാം ഏതാണ്ട് വറ്റി വരണ്ടിരിക്കുന്നു- ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം ദ്വൈവാര്‍ഷികം ഫ്ളോറല്‍ പാര്‍ക്കില്‍ ടൈസന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 മലയാള സാഹിത്യ സമ്മേളനത്തിനു തല നരച്ചുവരെ മാത്രമേ നാട്ടില്‍ കാണാറുള്ളൂ. ഇവിടെ മധ്യവയസ്‌കരേയും ചെറുപ്പക്കാരേയും കാണുന്നത് ശുഭോദര്‍ക്കമാണ്. പ്രതീക്ഷ നല്‍കുന്ന ഒന്നിലേറെ സാഹിത്യകാരന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. 

 ജീവസന്ധാരണത്തിനു ഉപകരിക്കാത്ത ഭാഷയായി മലയാളം മാറിയിരിക്കുന്നു. ഭാഷ ഇല്ലാതായാല്‍ നാടുതന്നെ ഇല്ലാതാകും. ഗ്രീസില്‍ നിന്നു ഇറ്റലിയിലേക്കു നാടുകടത്തപ്പെട്ട ഒരാള്‍ രാജ്യത്തിന്റെ ഐക്യം പുനസ്ഥാപിക്കാന്‍ ഭാഷ ആവശ്യമെന്നു കരുതുന്ന സിനിമാ രംഗം അദ്ദേഹം അനുസ്മരിച്ചു. എഴുതാന്‍ അയാള്‍ നോക്കുമ്പോള്‍ വാക്കുകള്‍ അറിയില്ല. ഒടുവിലയാള്‍ പണിക്കാരുടേയും താഴേയ്ക്കിടയിലുള്ളവരുടേയും അടുത്തുചെന്ന് ഭാഷ പഠിക്കുകയും വാക്കുകള്‍ വിലകൊടുത്ത് വാങ്ങുകയുമാണ്. 

 ഭാഷയും സാഹിത്യവുമാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്ന് ഉംബര്‍ട്ടോ എക്കോയും പറഞ്ഞിട്ടുണ്ട്. അദ്ധ്യാത്മരാമായണത്തിന്റെ അടിസ്ഥാനം ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ മലയാള ഭാഷ എങ്ങനെ ആയിരിക്കുമെന്ന് ആര്‍ക്കറിയാം?

 കുറെ കാലമായി ഗഹനമായ സൃഷ്ടികള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ല. അമേരിക്കയില്‍ എഴുപതുകളിലും മറ്റും വന്നവര്‍ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. എന്നിട്ടും മഹത്തായ സൃഷ്ടികള്‍ ഉണ്ടാകുന്നില്ല. അതു അമേരിക്കയിലേയോ, ഗള്‍ഫിലേയോ അവസ്ഥയല്ല. കേരളത്തിലെ സ്ഥിതിയും അതുതന്നെയാണ്. 

 അന്നം തരാത്ത ഭാഷയാണ് മലയാളം. അതിനാല്‍ അന്നം തരുന്ന ഭാഷ പഠിച്ച് രക്ഷപെടുക എന്നതാണ് പരക്കെയുള്ള ചിന്താഗതി. എങ്ങനെ പെട്ടെന്ന് ധനവാനാകാം എന്നും മറ്റും പഠിപ്പിക്കുന്ന കൃതികള്‍ക്കാണ് മലയാളത്തില്‍ മാര്‍ക്കറ്റ്. പത്രമാധ്യമങ്ങളാകട്ടെ പത്താംകിട സിനിമകള്‍ക്കും മറ്റുമാണ് സ്ഥലം മാറ്റിവയ്ക്കുന്നത്. 

 ചുരുക്കത്തില്‍ എന്തുകൊണ്ട് പ്രവാസികളില്‍ നിന്നു നല്ല കൃതികള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിനു പ്രസക്തിയില്ല. നാട്ടിലും അത് ഉണ്ടാകുന്നില്ല. ഇനിയിപ്പോള്‍ നാട്ടില്‍ വന്ന് വാക്കുകള്‍ വിലയ്ക്കുവാങ്ങേണ്ട അവസ്ഥയുണ്ടാകാം. ദരിദ്രരുടേയും അധകൃതരുടേയും ഇടയിലാണ് ഇപ്പോള്‍ മലയാളമുള്ളത്. 

 ഡോണ മയൂര, തമ്പി ആന്റണി, കെ.വി. പ്രവീണ്‍ തുടങ്ങി പ്രതീക്ഷയുണര്‍ത്തുന്ന എഴുത്തുകാര്‍ ഇവിടെയുണ്ട് എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്- അദ്ദേഹം പറഞ്ഞു. 

 ലാന സെക്രട്ടറി ജെ. മാത്യൂസ് ആമുഖ പ്രസംഗം നടത്തി. യോഗങ്ങള്‍ക്ക് എം.സി ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് കയ്യടിപ്പിക്കുകയുമില്ല. നാട്ടില്‍ നിന്നു നൂറു സാഹിത്യകാരന്മാരെ കൊണ്ടുവന്നാലും ഇവിടെ ഒരാളും സാഹിത്യകാരനാകുമെന്നു കരുതുന്നില്ല- അദ്ദേഹം പറഞ്ഞു. 

 ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍ ലാനയുടെ ഇതേവരെയുള്ള നേട്ടങ്ങള്‍ വിലയിരുത്തി. സംഘടന യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ സമയമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ലാന ഒരു കുടുംബമാണെന്ന് മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയറുമായ ഷാജന്‍ ആനിത്തോട്ടം പറഞ്ഞു. ചെറിയ സംഘടന. ചെറുതല്ലോ ചേതോഹരം. അരസികരായ ആള്‍ക്കൂട്ടമല്ല സാഹിത്യാസ്വാദകരേയാണ് നാം ലക്ഷ്യമിടുന്നത്. 

 യുവതലമുറ സാഹിത്യ സമ്മേളനങ്ങളില്‍ കാര്യമായി വരാറില്ല. കാല്‍ നൂറ്റാണ്ടിലേറെയായി സര്‍ഗ്ഗവേദി നയിക്കുന്ന കണ്‍വന്‍ഷന്‍ ചെയര്‍ മനോഹര്‍ തോമസ് ഖിന്നത പ്രകടിപ്പിച്ചു. എന്നും കാണുന്ന മുഖങ്ങള്‍ തന്നെയാണ് ഈ സമ്മേളനത്തിനും എത്തിയിരിക്കുന്നത്. 

 എന്നാല്‍ വലിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ ലാന സമ്മേളനം വഴിയൊരുക്കിയിട്ടുണ്ടെന്നു മുന്‍ പ്രസിഡന്റ് ഏബ്രഹാം തെക്കെമുറി ചുണ്ടാക്കിട്ടി. 

 ലാന സമ്മേളനത്തിന് ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുമെന്നു ട്രഷറര്‍ ജോസന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. 

 പ്രിന്‍സ് മാര്‍ക്കോസ് സ്വാഗതവും ബാബു പാറയ്ക്കല്‍ നന്ദിയും പറഞ്ഞു. പ്രതീക്ഷ സന്തോഷ് കവിതയും, സിബി ഡേവിഡ് ഗാനവും ആലപിച്ചത് ഹൃദ്യമായി. 

 രാത്രി നടന്ന ചൊല്‍ക്കാഴ്ചയില്‍ ഒട്ടേറെ പേര്‍ കവിതകളവതരിപ്പിച്ചു. ഗീതാ രാജനായിരുന്നു മോഡറേറ്റര്‍. ജോസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാജു തോമസ് നന്ദി പറഞ്ഞു. 

 രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 9-ന് കവിതാവതരണം, മലയാള കവിതകളുടെ പുതുവഴികള്‍. 11 മണിക്ക് കവിതാ സംവാദം. മലയാള കവിതകളുടെ സൈബര്‍ ഇടങ്ങള്‍. 1.30 -ന് ചെറുകഥയിലെ നൂതന രചനാതന്ത്രങ്ങള്‍. 3.30-ന് മലയാള നോവല്‍ സാഹിത്യം 2000-ത്തിനുശേഷം. 5.30-ന് തെരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍. 7.30-ന് പുസ്തക പരിചയം. 

 സമ്മേളനം ഞായറാഴ്ചയും തുടരും.

Related News

Go to top