ഇന്ത്യാനാപൊലീസ് : ഇന്ത്യാനാപൊലീസില്‍ ഇന്ന് നടന്ന എന്‍എഫ്എല്‍

ഫുട്‌ബോള്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ ടീം അംഗങ്ങള്‍ മുട്ടുകുത്തി നിന്നത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി. 

തുടര്‍ന്ന് അദ്ദേഹം ട്വിറ്ററിലൂടെ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ ടീമംഗങ്ങള്‍ മുട്ടു കുത്തി നിന്നതു ദേശീയ പതാകയോടും യുഎസ് ഭടന്മാരോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നത്. ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാനാവുന്നില്ല.

സാന്‍ഫ്രാന്‍സിസ്‌ക്കൊയും ഇന്ത്യാനാപൊലീസ് കോള്‍ട്ടും തമ്മില്‍ നടക്കുന്ന മത്സരം കാണാനാണ് വൈസ് പ്രസിഡന്റ് ഗ്രൗണ്ടില്‍ എത്തിയത്. വംശീയതയുടെ പേരില്‍ നടക്കുന്ന അനീതിയ്‌ക്കെതിരെയുള്ള നിശബ്ദ പ്രതിഷേധ സൂചകമായാണ് കളിക്കാര്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ മുട്ടുകുത്തി നിന്നത്. ഇതിനെതിരെ പ്രസിഡന്റ് ട്രംപ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ജനതയുടെ വികാരമാണ് ദേശീയഗാനാ ലാപനത്തില്‍ പ്രകടമാക്കപ്പെടുന്നത്. ഇതിനെ മുറിപ്പെടുത്തുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ അനുവദിക്കുകയില്ല ട്രംപ് പറഞ്ഞു.

 

പി. പി. ചെറിയാന്‍

Related News

Go to top