ന്യൂയോര്‍ക്ക് : കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ലോക കേരളസഭയിലേക്ക്

ന്യൂയോര്‍#്കില്‍ നിന്ന് നാലുപേര്‍. കേരള സെന്റര്‍ സ്ഥാപകന്‍ ഇം.എം. സ്റ്റീഫന്‍, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, ബാങ്കറും സാമൂഹിക പ്രവര്‍ത്തകനുമായ വര്‍ക്കി ഏബ്രഹാം, മാധ്യമപ്രവര്‍ത്തകന്‍ ജോസ് കാടാപുറം എന്നിവര്‍. ജോസ് കാടാപുറം അവിടെ അവതരിപ്പിക്കുന്ന സെമിനാറുകളുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരിക്കും.

അമേരിക്കയില്‍ നിന്നുള്ള മറ്റുള്ളവരുടെ പേര് വൈകാതെ ലഭിക്കും. ലോക കേരള സഭയുടെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും.

സഭയുടെ അംഗബലം 351. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും അംഗങ്ങളായിരിക്കും. പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. 77 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നൂറു പേര്‍ വിദേശത്തുള്ളവരും. ലോക കേരള സഭയിലെ സഭാനേതാവ് പ്രതിപക്ഷ നേതാവുമായിരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും സെക്രട്ടറി ജനറല്‍. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. സമാപനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കും അദ്ധ്യക്ഷന്‍.

ലോക കേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരും. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്ക്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം. ലോകത്തെമ്പാടുമുള്ള മലയാളികളുടെ വളര്‍ച്ചയും നേട്ടങ്ങളുമൊക്കെ വിലയിരുത്തുകയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍, സന്തോഷങ്ങള്‍ ഒക്കെ പങ്കിടുവാനുമുള്ള വേദിയാണിത്.

കേരളം എന്ന നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്ക്കാരികവുമായ സാന്നിദ്ധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തിലാണിത്. അക്ഷരാര്‍ത്ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ക്കു തമ്മില്‍ തമ്മില്‍ ബന്ധമില്ല എന്ന അവസ്ഥയുണ്ട്.

ലോക മലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. അത്തരമൊരു സമൂഹപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും. അങ്ങനെയൊരു ബൃഹത് കേരളം രൂപപ്പെടുകയും കേരളത്തിന്റെ വികസനത്തിന് അത് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്തു. കേരളീയരുടെ പൊതു സംസ്ക്കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണ്ണായക പങ്ക് വഹിക്കും. 

ന്യൂയോര്‍ക്കില്‍ നിന്ന് നോമിനേഷന്‍ ലഭിച്ചവര്‍ തികച്ചും അര്‍ഹരും ജനപിന്തുണയുള്ളവരുമാണ്. അമേരിക്കന്‍ മലയാളികള്‍ക്കും യുവസമൂഹത്തിനും എന്തുകൊണ്ടും മാതൃകയാക്കാവുന്ന സാസംക്കാരിക പ്രവര്‍ത്തകനാണ് ബേബി ഊരാളില്‍. പ്രവാസി ചാനല്‍ സിഇഒ, കെസിസിഎന്‍എയുടെ മുന്‍ പ്രസിഡന്റ് തുടങ്ങിയ വലിയ പദവികള്‍ക്കൊപ്പം നിരവധി ചെറുതും വലുതുമായ സംഘടനകളുടെയും പ്രസ്ഥാനങ്ങലുടെയും നേതൃരംഗത്ത് പ്രവര്‍ത്തിച്ച ബേബി ഊരാളില്‍ ഫോമായുടെ മൂന്നാമത് കണ്‍വന്‍ഷന്‍ കപ്പലില്‍ നടത്തി ചരിത്രം കുറിച്ചിരുന്നു.

കേരളാ സെന്റര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോമാ പ്രസിഡന്റായി വ്യത്യസ്ത പരിപാടികള്‍ ആവിഷ്ക്കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മലയാളിയെ ബാധിക്കുന്ന ഏതു വിഷയത്തിലും ബേബി ഊരാളിന്റെ കയ്യൊപ്പ് ഉണ്ടാകും. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികളില്‍ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ് തന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. ക്‌നാനായ ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍, ഫോമാ ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ തുടങ്ങി മാധ്യമപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു. മെഡിക്കല്‍ പ്രൊഫഷണല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തനം സജീവമാക്കിയ ബേബി ഊരാളില്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1973-ല്‍. ഒരു വിദ്യാര്‍ത്ഥിയായാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് മാര്‍ത്തോമ്മാ ഇടവകാംഗമായ മുന്‍ സഭാ കൗണ്‍സില്‍ അംഗവും സഭയുടെ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവുമായിരുന്നു. യുണൈറ്റഡ് മീഡിയ ആന്റ് പ്രവാസി ചാനല്‍ ചെയര്‍മാനും ഹാനോവര്‍ കമ്മ്യൂണിറ്റ് ബാങ്ക് ഡയറക്ടറഉമാണ്.

കേരള സെന്റര്‍ എന്ന ആശയം ഇലവുങ്കല്‍ സ്റ്റീഫന്‍ കൊണ്ടുവരുന്നത് എണ്‍പതുകളിലാണ്. അന്ന് മലയാളികളുടെ എണ്ണം കുറവായിരുന്നു. എങ്കിലുംഅത് സഫലമാകാന്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ഇന്ന് മലയാളിക്ക് അഭിമാനമായ കേരള സെന്റര്‍ കെട്ടിപ്പടുത്തു.

ആദ്യവര്‍ഷങ്ങളില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. പുതുതായി തുടങ്ങിയ മലയാളം പത്രിക എന്ന പ്രതിവാര പത്രത്തിന്റെ സാരഥികളിലൊരാളാണ്. അമേരിക്കയിലെ കുടിയേറ്റ ചരിത്രത്തില്‍ കേരള സെന്ററും സ്റ്റീഫനും എക്കാലവും ഉണ്ടാകും എന്നതില്‍ സംശയമില്ല.

കൈരളി ടി വി ഡയറക്ടറും ഇ- മലയാളി മാനേജിംഗ് എഡിറ്ററുമായ ജോസ് കാടാപുറം മാധ്യമരംഗത്ത് രണ്ട് പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നു. കോളമിസ്റ്റ് എന്ന നിലയിലും ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരേപോലെ ശ്രദ്ധേയരായ അപൂര്‍വ്വം ചിലരിലൊരാള്‍. 

ഇന്ത്യാ പ്രസ്ക്ലബിന്റെ സ്ഥാപകരിലൊരാളും നാഷണല്‍ ട്രഷറാറുമാണ് പിറവം സ്വദേശിയായ ജോസ് കാടാപുറം. ഇക്കണോമിക്‌സ്-കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. പ്രവാസികള്‍ക്ക് ഇത്തരമൊരു വേദി നല്‍കിയതില്‍ ജോസ് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. 

http://lokakeralasabha.com എന്ന വെബ്‌സൈറ്റ്, https://facebook.com/LokaKeralaSabha/ എന്ന ഫെയ്‌സ്ബുക്ക് പേജ്, https:/twitter.com//LokaKeralaSabha എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ എന്നിവയിലൂടെ ലോക കേരളസഭയുടെ വിവരങ്ങള്‍ ലഭ്യമാവും.

Related News

Go to top