മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ചു

Picture

ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുളിന്റെ മറവില്‍ വച്ചു മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 516 513 8800 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

മാര്‍ച്ച് 17-നു ഹോപ്‌സ്ട്ര യൂണിവേഴ്‌സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി ലോണ ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്ടിലുള്ള വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഡ്രൈവ് വേയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ പുറകില്‍ നിന്നും ഓടിയെത്തിയ ഒരാള്‍ ഇവരുടെ മുഖത്തേക്കും, ശരീരത്തിലേക്കും വീര്യമേറിയ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം 2015 ചുവന്ന നിറത്തിലുള്ള നിസാന്‍ കാറില്‍ കയറി പ്രതി രക്ഷപെട്ടു. തല മറച്ച് കറുത്ത നിറത്തിലുള്ള സ്വറ്റ് ഷര്‍ട്ട് ധരിച്ചിരുന്ന ഏകദേശം 6.2 ഇഞ്ച് ഉയരമുള്ള പുരുഷനെ ഇരുട്ടിന്റെ മറവില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നഫിയയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു. അവര്‍ കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയിരുന്നു. നഫിയ എന്തോ എടുക്കുന്നതിനുവേണ്ടി കാറില്‍ അല്പ സമയം ചെലവഴിച്ചു പുറത്തേക്കിറങ്ങുന്നതിനിടയിലായിരുന്നു അക്രമം.

മുഖത്ത് ആസിഡ് വീണതോടെ കണ്ണിലുണ്ടായിരുന്ന കോണ്‍ടാക്ട് ഗ്ലാസില്‍ തട്ടി കണ്ണിന്റെ കാഴ്ചയെ ബാധിച്ചിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ മകളെ നഴ്‌സായ മാതാവ് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം 911 വിളിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഫിയ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ ചികിത്സയ്ക്കായി ഗോ ഫണ്ട് വഴി 519000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. മകള്‍ക്കെതിരേ കരുതിക്കൂട്ടിയുള്ള ആക്രമമായിരുന്നു നടന്നതെന്ന് മാതാവും, പിതാവും പറഞ്ഞു.

റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave Comment