തിരുവനന്തപുരം : നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇത്തവണ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്.

കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണതയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നും മനസ്സിലാക്കാം.

എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണ്. നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ ഓക്‌സിജന്‍ നില ഇടയ്ക്കിടെ മോണിറ്റര്‍ ചെയ്യുകയും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാര്‍ഡ് മെമ്പര്‍റുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ഹെല്‍പ്പ്ലൈനുമായോ ബന്ധപ്പെട്ടുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം. ആര്‍ക്കെങ്കിലും ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം.

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. വീടില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീട്ടില്‍ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രധാന മുന്‍കരുതല്‍.

സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ ഏറ്റവും അടുത്ത കടയില്‍ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വാങ്ങുക. പോകുന്ന സമയത്ത് ഡബിള്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസര്‍ കയ്യില്‍ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങള്‍ മാറ്റുകയും വേണം.

ചുമ്മല്‍, തുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 7426164 ഡോസുകളാണ്. ഓരോ വാക്‌സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി നല്‍കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്‌സിന്‍ കൂടെ നമ്മുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മെയ് മൂന്നിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ആയും സ്റ്റോക്കുണ്ട്.108.35 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇപ്പോള്‍ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്.

ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എടുക്കും. ജില്ലകളില്‍ വിഷമം ഉണ്ടായാല്‍ ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവര്‍ക്ക് ചില സ്ഥലങ്ങളില്‍ യാത്രാബുദ്ധിമുട്ട് ഉണ്ടാകുന്നത് പരിഹരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കും.

നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങള്‍ മുതലായ വ്യായാമ മുറകള്‍ക്കായി പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. ഇത്തരം വ്യായാമമുറകള്‍ക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കണെമന്നും മുഖ്യമന്ത്രി പറഞ്ഞു.