ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

May be an image of 4 people and people standing

കടന്ന് പോയത് നര്‍മ്മം കൊണ്ട്    ജീവിത  പ്രതിസന്ധികളെ അലിയിച്ച വലിയ ഇടയന്‍

തിരുവനന്തപുരം:  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ  ദേഹവിയോഗത്തില്‍  പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല അനുശോചിച്ചു. വലിയ ജീവിത പ്രശ്‌നങ്ങള്‍ പോലും നര്‍മത്തില്‍ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ  ആ  വലിയ ഇടയന്‍ സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓര്‍മകള്‍ ലോകത്തിനു  സമ്മാനിച്ചാണ് മടങ്ങുന്നതെന്ന്്്് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജാതി മത വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തില്‍ ഇടപെടുകയും അവ  പരിഹരിക്കാന്‍ തന്നാലാവുന്നത് എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം തിരുമേനി.   വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വലിയ തിരുമേനിയുടെ വേര്‍പാട്  അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു. എന്നും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു ആവോളം വാത്സല്യം  പകര്‍ന്ന് നല്‍കിയ ആളായിരുന്നു അദ്ദേഹം. ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്.നര്‍മത്തിന്റെ മേലാട ചാര്‍ത്തിയ നുറുങ്ങുകളും കഥകളും, വിഷമങ്ങളെ മറികടക്കാന്‍ വരും തലമുറകളെയും സഹായിക്കുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave Comment