ജാബുവ ബിഷപ്പ് ബേസില്‍ ഭൂരിയ കോവിഡ് ബാധിച്ച് മരിച്ചു

Picture

ജാബുവ: മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസില്‍ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. 1956 മാര്‍ച്ച് 8ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസില്‍ ജനിച്ചത്. 1969 ജൂണ്‍ 30 ന് ധോവിലെ സെന്റ് തോമസ് സെമിനാരിയില്‍ ചേര്‍ന്നു. 1976 മുതല്‍ 1979 വരെ ഇന്‍ഡോര്‍ സര്‍വകലാശാലയില്‍ കോളേജ് പഠനം നടത്തി. അവിടെ ബിഎ ബിരുദം പൂര്‍ത്തിയാക്കി. 1979 ജൂണ്‍ 30ന് അദ്ദേഹം സൊസൈറ്റി ഓഫ് ഡിവിഷന്‍ വേഡ് (എസ്‌വിഡി) സമൂഹത്തില്‍ ചേര്‍ന്നു. പുനെയിലെ പൊന്തിഫിക്കല്‍ അഥീനിയത്തില്‍ ഫിലോസഫി, തിയോളജി എന്നിവ പഠിച്ചു.

1986 മെയ് 2 ന് തിരുപ്പട്ടം സ്വീകരിച്ചു. ഗുജറാത്തിലെ ബറോഡ രൂപതയ്ക്കു കീഴിലുള്ള മുവാലിയയിലെ അസിസ്റ്റന്റ് വികാരി, (1987 -1988); ഇന്‍ഡോര്‍ രൂപതയിലെ സെന്റ് തോമസ് സെമിനാരി വൈസ് റെക്ടര്‍ (1988- 1992); ഇന്‍ഡോര്‍ സെന്റ് തോമസ് സെമിനാരി റെക്ടര്‍ (1992- 1997); ഇന്‍ഡോര്‍ രൂപതയിലെ ധാറിലെയും റായ്ഗഡിലെയും ഇടവക വൈദികന്‍ (1997- 2002, 2005 – 2009); ഹോസ്റ്റല്‍ ഡയറക്ടര്‍, എന്നീ നിലകളില്‍ സേവനം ചെയ്തു. 2011 മുതല്‍, മധ്യ ഇന്ത്യന്‍ പ്രവിശ്യയിലെ പ്രോവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗമായി സേവനം ചെയ്തു വരുന്നതിനിടെ 2015 ജൂലൈ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ജാബുവയിലെ മൂന്നാമത്തെ ബിഷപ്പായി നിയമിച്ചത്. മൃതസംസ്കാരം നാളെ മെയ് 7 വെള്ളിയാഴ്ച രാവിലെ 10ന് ജാബുവയിലെ മേഘ്‌നഗറിലെ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.

ജോയിച്ചൻപുതുക്കുളം

Leave Comment