പരിശോധന ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ: ജില്ലാപോലീസ് മേധാവി

post

പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും അതിതീവ്ര നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പോലീസ്  തടസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമാനുസൃത നടപടികളാണു സ്വീകരിച്ചുവരുന്നത്. ഒപ്പം വിനയത്തോടെയും എന്നാല്‍ ശക്തമായും മാസ്‌ക് ധരിക്കാന്‍ പോലീസ് ജനങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ട്.

വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍  തൊഴിലാളികള്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഉടമയോ കരാറുകാരനോ  യാത്രാസൗകര്യം ഒരുക്കേണ്ടതും, അത്തരം യാത്രകള്‍ക്ക് പോലീസ് അനുമതി നല്‍കുന്നതുമാണ്. തൊഴിലിടങ്ങളില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളും പാലിക്കപ്പെടുന്നതായി പോലീസ് ഉറപ്പാക്കിവരുന്നു.

ചരക്കുവാഹനങ്ങളുടെ യാത്രക്ക് തടസമില്ല. എന്നാല്‍ സംശയകരമായ സാഹചര്യങ്ങളില്‍ പോലീസ് തടഞ്ഞു പരിശോധിക്കും. യാത്രാവാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ട്രാഫിക് തടസമുണ്ടാകാതെ ശ്രദ്ധിക്കും. വനിതാ പോലീസുകാരെ ക്വാറന്റൈന്‍ സംബന്ധിച്ച പരിശോധനകള്‍ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനം നിശ്ചിത സമയം വരെ അനുവദിച്ചിട്ടുണ്ട്. പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം കടകള്‍ക്കു മുന്നില്‍  വ്യക്തമാക്കി പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍  നിര്‍ദേശിച്ചതായും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ  ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ തൊഴില്‍ ഉടമകള്‍, കരാറുകാര്‍ എന്നിവരുമായി ബന്ധപ്പെട്ട്  വേണ്ട നടപടികള്‍ക്ക് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. അവരുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എസ്എച്ച്ഒ മാരെയും എസ്ഐ മാരെയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുന്‍കൈ എടുക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ, അവരുടെ ആവശ്യം കണക്കിലെടുത്ത് യാത്ര തുടരാന്‍ അനുവദിക്കും. ഇവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു.  വീട്ടുവേലക്കാര്‍, ഹോം നഴ്സ് തുടങ്ങിയവരില്‍ നിന്നും സാക്ഷ്യപത്രം വാങ്ങിയശേഷം യാത്ര അനുവദിക്കും. മാധ്യമ പ്രവര്‍ത്തകരെ അക്രഡിറ്റേഷന്‍ കാര്‍ഡിന്റെയോ  സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ യാത്ര തുടരാന്‍ അനുവദിക്കും. ഇക്കാര്യങ്ങളിലെല്ലാം വേണ്ട നിര്‍ദേശങ്ങള്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Leave Comment