ചികിത്സ സൗകര്യം വർദ്ധിപ്പിക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം

Spread the love

post

എറണാകുളം: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ബി.പി.സി.എൽന് സമീപം 500, അഡ്ലക്സ് ചികിത്സ കേന്ദ്രങ്ങിൽ 500, വിവിധ പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലായി 400, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 150 എന്നിങ്ങനെ ഓക്സിജൻ കിടക്കകൾ അടിയന്തരമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും കോവിഡ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ  എസ്. സുഹാസ് അറിയിച്ചു.

ആശുപത്രികളിൽ  ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിനേഷൻ നടപടികൾ മുന്നോട്ടു പോകും.  ജില്ലയിൽ നിലവിൽ 1667 ഒക്സിജൻ കിടക്കകൾ ലഭ്യമാണെന്ന് അറിയിച്ച കളക്ടർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഹോട്ട് ലൈൻ സംവിധാനം എർപ്പെടുത്തുമെന്നും അറിയിച്ചു.

എല്ലാ രോഗികൾക്കും കിടക്കകൾ ലഭ്യമാക്കാൻ കേന്ദ്രീകൃത സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. വാക്സിനേഷനിൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകുമെന്നും യോഗത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *