ഇടുക്കി : കുമാരമംഗലം പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം തുടങ്ങി.  പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

കുമാരമംഗലം പൈങ്കുളം സെന്റ് തോമസ് യു.പി. സ്‌കൂളിലാണ് ഡിസിസി പ്രവര്‍ത്തിക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരെ ഡിസിസിയിലേക്ക് എത്തിക്കുന്നതിനും ഗുരുതരാവസ്ഥയുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമായി ഒരു ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിസിസിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക്പഞ്ചായത്തിന് കീഴിലെ ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കും. ഇതിനായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവിടെ സേവനത്തിനുണ്ടാവും. പഞ്ചായത്തിന്റെഉത്തരവാദിത്വത്തില്‍ ഒരു ഡോക്ടറുടെ സേവനം 24 മണിക്കൂറും ഡിസിസിയില്‍ ഉണ്ടാവും. ഇതിന് പുറമേ കുമാരമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ പറഞ്ഞു. കുമാരമംഗലം പഞ്ചായത്തില്‍ ആകെ 13 വാര്‍ഡുകളുള്ളതില്‍ മൂന്നെണ്ണം കണ്ടെയ്ന്‍മെന്‍ സോണാക്കിയിട്ടുണ്ട്. 211 കോവിഡ് രോഗികളാണ് നിലവില്‍ പഞ്ചായത്തിലുള്ളത്. ഇതിന് പുറമേ റിവേഴ്‌സ് ക്വാറന്റൈനില്‍ 55 പേരും പ്രൈമറി കോണ്ടാക്ടായ 276 പേരും പഞ്ചായത്തിലുണ്ട്. കോവിഡ് ബാധിച്ച് പഞ്ചായത്തില്‍ ഇതുവരെ രണ്ട് പേരാണ് മരിച്ചത്.

Leave Comment