എറണാകുളം: അൻപതു ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ പഞ്ചായത്തുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ഡിസിസകളില്‍ ചികിത്സയിലുളളവരും ഈ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. കോള്‍ സെന്ററും സജീവമായി പ്രവര്‍ത്തിക്കണം. ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 76 പഞ്ചായത്തുകളില്‍ 50% ത്തിലധികമാണ് ടിപിആര്‍. എറണാകുളം ജില്ലയില്‍ 19 പഞ്ചായത്തുകളില്‍ ടിപിആര്‍ 50% ത്തിനു മുകളിലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ 16 പഞ്ചായത്തുകള്‍ സംസ്ഥാന ശരാശരിയേക്കാളും മുന്നിലാണ്.

  ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ റിഫൈനറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആദ്യ ബാച്ചില്‍ 100 ബെഡുകളിലേക്ക് ബുധനാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാകും. സ്‌കൂളിന്റെ ഒരു ഭാഗത്ത് ആസ്റ്റര്‍ മെഡ് സിറ്റിയുടെ നേതൃത്വത്തില്‍ 100 ബെഡുകളും സജ്ജമാക്കുന്നുണ്ട്. ജര്‍മന്‍ ടെന്റ് ഉപയോഗിച്ച് 35000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ 1000 ബെഡുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബയോടെയ്‌ലെറ്റ്‌സ് അടക്കമുളള സൗകര്യങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സിഐഎ 1000 ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്ന അങ്കമാലി അഡ്‌ലക്‌സ് ഹാള്‍ കൈമാറിക്കഴിഞ്ഞു. മൂന്ന് ദിവസമായി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയ കുറവ് രേഖപ്പെടുത്തുന്നതായി കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച 20% ആണ് ജില്ലയിലെ ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാരംഭിച്ചതോടെ വ്യാപനം ഇനിയും കുറയുമെന്നാണ് കരുതുന്നത്. ഫോക്കസ്ഡ് ടെസ്റ്റിംഗ് നടത്തുന്നതിനാല്‍ കൂടുതല്‍ രോഗികളെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടത്തും. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ 30% ബെഡുകളും 48% വെന്റിലേറ്ററുകളും 28% ഐസിയുകളും 3% ഓക്‌സിജന്‍ ബെഡുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് ഇന്‍സിഡെന്റ് കമാന്‍ഡര്‍മാര്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

മെയ് 15 ഓടെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഓരോ ദിവസവും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ പാഴായിപ്പോകുന്നത് തടയുന്നതിന് ഓരോ ജില്ലയിലും ശക്തമായ സംവിധാനം വേണം. പരിശോധന കര്‍ശനമാക്കണം. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവ് നികത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്യാവശ്യത്തിന് മാത്രമേ പോലീസിന്റെ പാസിനായി അപേക്ഷിക്കാവൂ. റംസാന് ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ഓരോ ജില്ലയിലും നടപ്പാക്കാവുന്നതാണ്. വാക്‌സിനേഷന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. മത്സ്യ ലേലത്തിന് തിരക്കുണ്ടാകാതിരിക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കാനും ജില്ലകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കു പുറമേ ജില്ലാ പോലീസ് കമ്മീഷണര്‍മാര്‍, റൂറല്‍ എസ്പിമാര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, സ്റ്റേറ്റ് പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡോ. ബി. ഇക്ബാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, മിനി ആന്റണി, ശാരദ മുരളീധരന്‍, ഇളങ്കോവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നിന്ന് ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡിഎസ്ഒ ഡോ. എസ്. ശ്രീദേവി, പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കില്ലം എന്നിവരും പങ്കെടുത്തു.

 

Leave Comment