ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്കുമാത്രം: ജില്ലാ പോലീസ് മേധാവി

post

പത്തനംതിട്ട: പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ ഇ പാസിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ പേര്, ജനന തീയതി തുടങ്ങിയ 15 ലധികം വിവരങ്ങള്‍ പോലീസിന് നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്  സഹായിക്കുമെന്നാണ് അറിയിച്ചത്. ഈ വിശദാംശങ്ങള്‍ 9497976001 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ നമ്പരിലേക്ക് വിളിച്ചാല്‍ ഇ പാസ് ലഭിക്കുമെന്ന തരത്തില്‍ ആളുകള്‍ വ്യാപകമായി വിളിക്കുന്നതായും നമ്പര്‍ ലഭ്യമാക്കിയതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസിലാക്കാതെയാണ് ഇതെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ നമ്പറില്‍ അവശ്യവിവരങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ മാത്രം നല്‍കിയാല്‍ മതി, തുടര്‍ നടപടികള്‍ പോലീസ് സ്വീകരിക്കും.

ഇ പാസ് ലഭിക്കുമെന്ന് തെറ്റിദ്ധരിച്ചുള്ള ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പരായ 112 ന് പുറമെ നേരത്തെ നല്‍കിയ ഫോണ്‍ നമ്പറിലും വിളിച്ച് അത്യാവശ്യ മരുന്നുകള്‍ ലഭിക്കാന്‍ സഹായം ആവശ്യപ്പെടുന്നവര്‍ക്ക് എത്തിക്കുന്നുമുണ്ട്.

അനാവശ്യ യാത്രക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെല്ലാം ഇ പാസ് നിഷേധിക്കും. ഇന്ന് (12.05.2021)വൈകിട്ട് വരെ പോലീസിന്റെ ഓണ്‍ലൈന്‍ ഇ പാസിന് അപേക്ഷിച്ച 200216 പേരില്‍  15846  പേര്‍ക്കും പാസ് നിഷേധിച്ചു.  4134 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്.   234 അപേക്ഷകള്‍   പരിഗണയിലാണ്. പാസ് വിതരണം കഴിയുന്നത്ര നിരുത്സാഹപ്പെടുത്തി നിയന്ത്രണം കടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

പോലീസ് ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ക്കാണ് ഇ പാസിന്റെ ചുമതല. അപേക്ഷകള്‍ കണ്ട് അടിയന്തര സ്വഭാവം പരിഗണിച്ച് അവ കൈകാര്യം ചെയ്യും. കൂടുതല്‍ വ്യക്തത വരുത്തേണ്ട അപേക്ഷകള്‍, പെന്‍ഡിങ്ങില്‍ വച്ചശേഷം അപേക്ഷകനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ യാത്രകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. അടിയന്തര സ്വഭാവം പരിഗണിച്ചുമാത്രമേ അപേക്ഷ അംഗീകരിക്കൂ. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ടോ തൊഴില്‍ ദാതാക്കള്‍ മുഖേനയോ പാസിന് അപേക്ഷിക്കാം. അടിയന്തരമായി ദീര്‍ഘദൂര യാത്ര ചെയ്യേണ്ടവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്കുമാത്രം, ഉറ്റബന്ധുവിനെ ജോലിക്ക് കൊണ്ടുപോകേണ്ടതു പോലെയുള്ള ആവശ്യങ്ങള്‍ക്ക് ‘പര്‍പ്പസ്’ എന്ന കോളത്തില്‍ പേരുകൂടി കാണിച്ചാല്‍ രണ്ടുപേര്‍ക്കും അനുമതി ലഭിക്കും. പാസ് ലഭിച്ചവര്‍ ഡൗണ്‍ലോഡ് ചെയ്തോ സ്‌ക്രീന്‍ എടുത്തോ ഫോണില്‍ സൂക്ഷിക്കുകയും പരിശോധനാവേളയില്‍ പോലീസിനെ കാണിക്കാവുന്നതുമാണ്.

അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് ഇ പാസ് നിര്‍ബന്ധമില്ല. ചികിത്സാ രേഖകളോ മറ്റോ കരുതിയാല്‍ മതി. ഒരു പാസിന്റെ കാലാവധിക്കു ശേഷമേ അടുത്തതിന് അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷയോടൊപ്പം അടിയന്തര ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ കൂടി അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉപയോഗിക്കാം. എന്നാല്‍ ഇവ നിര്‍ബന്ധമില്ല.

Leave Comment