ലോക്ക്ഡൗൺ 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

Spread the love

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 23 വരെ ലോക്ക്ഡൗൺ നീട്ടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 16 മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

അവശ്യസാധന കിറ്റുകൾ ജൂണിലും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെൻഷൻ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോർഡുകളെ സർക്കാർ സഹായിക്കും. ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നൽകും.

  സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാർക്ക് ലോക്ഡൗൺ കാലത്തെ ശമ്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19,500 എഡിഎസുകൾക്ക് ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ ‘സഹായ ഹസ്തം വായ്പാ പദ്ധതി’യിലെ ഈ വർഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുൻകൂറായി നൽകും. കുടുംബശ്രീയുടെ റീസർജൻറ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വർഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് മുൻകൂറായി അനുവദിക്കും. കുടുംബശ്രീ നൽകിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിയ വായ്പകൾക്കു കൂടി ഇത് ബാധകമാകും. വസ്തു നികുതി, ടൂറിസം നികുതി, ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്കുള്ള സമയം ദീർഘിപ്പിക്കും. റബ്ബർ സംഭരണത്തിനുള്ള കടകൾ ആഴ്ചയിൽ രണ്ടുദിവസം (തിങ്കൾ, വെള്ളി) തുറക്കാൻ അനുവദിക്കും.

സംസ്ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ ശനിയാഴ്ച മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താൽ മതി. എന്നാൽ കോവാക്‌സിൻ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതൽ 6 ആഴ്ചക്കുള്ളിൽ എടുക്കണം. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. 1845 വയസ്സുകാരിൽ വാക്‌സിൻ നൽകാൻ മുൻഗണനാടിസ്ഥാനത്തിൽ നാളെ മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. തിങ്കൾ മുതൽ വാക്‌സിൻ നൽകും.

കേരളത്തിന്റെ ടെസ്റ്റിങ് സ്ട്രാറ്റജിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാൻ തീരുമാനിച്ചു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *