കാറിനു മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിനും മകനും പരിക്ക്

Picture

കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം കട പുഴകി വീണു വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണു മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ (70), മകന്‍ അരുണ്‍ (33) എന്നിവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

തേക്കടിമൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്കു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഡോക്ടറായ മരുമകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിനു മുകളിലേക്കു വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണു സെബാസ്റ്റ്യനും സൂസന്നാമ്മയും. മകന്‍ അരുണിന്റെ വിവാഹം ഒരാഴ്ച മുന്‍പായിരുന്നു. മുണ്ടിയെരുമ ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ബ്ലെസിയാണു ഭാര്യ. വിവാഹ അവധിക്കു ശേഷം ബ്ലെസിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു.

അരുണ്‍ ആണു കാര്‍ ഓടിച്ചിരുന്നത്. സെബാസ്റ്റ്യന്‍ തൊട്ടടുത്ത സീറ്റിലും സൂസന്നാമ്മ പിന്നിലെ സീറ്റിലുമാണ് ഇരുന്നത്. ഏലത്തോട്ടത്തില്‍ നിന്ന മരം ശക്തമായ കാറ്റില്‍ കട പുഴകി കാറിനു മുകളിലേക്കു വീഴുകയായിരുന്നു. സൂസമ്മ ഇരുന്ന ഭാഗത്ത് കാറിന്റെ മുകള്‍ഭാഗം താഴേക്ക് അമര്‍ന്നു. ഇവരുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മുന്‍സീറ്റില്‍ ഇരുന്നവര്‍ക്കു കാര്യമായി പരുക്കേറ്റില്ല.

കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനയും കട്ടപ്പന, വണ്ടന്‍മേട് സ്‌റ്റേഷനുകളില്‍ നിന്നു പൊലീസും എത്തി. കാറിന്റെ മുകള്‍ഭാഗം പൊളിച്ചാണു മൂവരെയും പുറത്തെത്തിച്ചത്. സൂസന്നാമ്മയുടെ സംസ്കാരം ഇന്ന് 3നു മലങ്കര സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിയില്‍.

ജോയിച്ചൻപുതുക്കുളം

Leave Comment