വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

Spread the love
ഇന്ത്യയില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്ന സമയം മുതല്‍ ആക്ഷേപം കേള്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇന്ത്യയിലെ ആവശ്യകതയെക്കുറിച്ച് പഠിക്കാതെ ആറ് കോടി ഡോസ് വാക്‌സിന്‍ കയറ്റി അയച്ചതാണ് വിവാദമായത്. കേന്ദ്ര സര്‍ക്കാര്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ പ്രതിഛായ സൃഷ്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഭരണപക്ഷത്ത് നിന്നുപോലും ആരോപണം ഉയര്‍ന്നത്. ഈ ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ രാജ്യത്തേക്ക് വാക്‌സിന്‍ എത്തിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.
എന്നാല്‍ ആറു കോടി ഡോസ് വാക്‌സിന്‍ വിദേശത്തേയ്ക്ക് അയച്ചത് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ കേന്ദ്രം വടികൊടുത്ത് അടി വാങ്ങുന്നു എന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 24 പേരെ പോലീസ് അറസ്റ്റ് ചെയതതാണ് വീണ്ടും വിവാദം തലപൊക്കാന്‍ കാരണം. വാക്‌സിന്‍ കയറ്റി അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ‘ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിന്‍ എന്തിന് വിദേശത്തേയ്ക്ക് കയറ്റി അയച്ചു എന്നായിരുന്നു പോസ്റ്ററുകളിലെ ചോദ്യം.
പോസ്റ്ററൊട്ടിച്ചവരെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹി ദുരന്തനിവാരണ നിയമം , ഇന്ത്യന്‍ ശിക്ഷാ നിയമം, പൊതുമുതല്‍ വൃത്തികേടാക്കുന്നത് തടയുന്ന നിയമം എന്നിവ ഉപയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ ഇതൊക്കെയാണെങ്കില്‍ വാക്‌സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അറസ്റ്റ് നടന്നതോടെ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. തന്നെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയാണ് ആദ്യം വിവാദ പോസ്റ്റര്‍ ട്വീറ്റ് ചെയ്തത്.
പ്രിയങ്കാ ഗാന്ധി ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം തന്നെ പോസ്റ്റര്‍ ഇട്ടു. ജയറാം രമേശ് ഡല്‍ഹിയിലെ തന്റെ വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചാണ് പ്രതിഷേധിച്ചത്. കോണ്‍ഗ്രസിനു പുറമേ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വന്നു. എന്തായാലും ചെറിയ പ്രതിഷേധം അടിച്ചമര്‍ത്താനുളള ശ്രമം ഇപ്പോള്‍ രാജ്യമാകെ വ്യാപിക്കുന്ന വലിയ പ്രതിഷേധത്തിലേയ്ക്കും വാക്‌സിന്‍ കയറ്റുമതിയില്‍ സര്‍ക്കാരിനെതിരെ വലിയ പ്രചാരണത്തിനുമാണ് വഴി തുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *