സേവനവുമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ മെഡിക്കല്‍ ടീം

ഇടുക്കി: കാന്തല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതിനെതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിനായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ടീമില്‍ നിന്നും 15 പേരടങ്ങിയ സംഘം സ്ഥലത്തെത്തി. കാന്തല്ലൂരില്‍ പുതുതായി തുടങ്ങിയ ഡിസിസി യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, കോവിഡ് പോസിറ്റീവ് രോഗികളെ പരിചരിക്കല്‍ എന്നിവയാണ് പരിശീലനം ലഭിച്ച മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ടീമിന്റെ പ്രധാന ദൗത്യം. നഴ്‌സുമാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ടീമിലുണ്ട്.
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിനെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കാന്തല്ലൂരിലേക്ക് നിയോഗിച്ചത്. കോവിഡ് 19 അടിയന്തിര സാഹചര്യം നേരിടുന്നതിനായി കാന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലായിരിക്കും മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം.

കാന്തല്ലൂരില്‍ ക്യാമ്പ് ചെയ്താവും ടീമിന്റെ സേവനങ്ങള്‍. തൊടുപുഴയില്‍ നിന്ന് പുറപ്പെട്ട വോളന്റിയര്‍മാര്‍ക്കായി ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഫ്‌സല്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഖയസ്, അജയ് ചെറിയാന്‍, ടീം ലീഡര്‍ രാജേന്ദ്രന്‍, സതീശന്‍ കെ.ജി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ ഷിജി ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഇതോടൊപ്പം യുവജന ക്ഷേമ ബോര്‍ഡിന്റെ മരുന്ന് വണ്ടിയില്‍ തിരുവനന്തപുരം ആര്‍സിസി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് കാന്‍സര്‍ രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കുമായുള്ള ജീവന്‍രക്ഷാ മരുന്നുകളും തൊടുപുഴയിലെത്തിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വോളന്റിയര്‍മാര്‍ കൈമാറി കോട്ടയം ജില്ലാ മരുന്ന്വണ്ടി കോര്‍ഡിനേറ്റര്‍ വഴി ജില്ലാ യുവജന കേന്ദ്രം ജീവനക്കാരന്‍ സതീശന്‍ കെ ജി യാണ് തൊടുപുഴയില്‍ മരുന്നുകളെത്തിച്ചത്. ഇവ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി ഏറ്റുവാങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളായ നെറ്റിത്തൊഴു, മുള്ളരിക്കൂടി, നാരകക്കാനം, മറയുര്‍, സഹായഗിരി എന്നിവിടങ്ങളിലേക്ക് നല്‍കുന്നതിനായി വിവിധ വോളന്റിയര്‍മാര്‍ക്ക് കൈമാറി.

ചിത്രം. തൊടുപുഴയില്‍ നിന്നും കാന്തല്ലൂരിലേക്ക് പുറപ്പെടുന്ന കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്ിന്റെ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ടീമിന് നല്‍കിയ യാത്രയയപ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

Leave Comment