44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍

post

കൊല്ലം: 18 മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന്‍  നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതായും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.   മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് വാക്സിന്‍ നല്‍കുന്നത്.  ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച് ഐ വി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരും, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷിക്കാരും  ഉള്‍പ്പെടെ ഏകദേശം 20 വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഇവര്‍ എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ ചെയ്ത്, വാക്സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം-  https://www.cowin.gov.in  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് റഫറന്‍സ് ഐ.ഡി ലഭിക്കും. ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി  https://covid19.kerala.gov.in/vaccine/ വെബ്‌സൈറ്റില്‍ പ്രവേശിക്കണം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ റഫറന്‍സ് ഐ.ഡി, പേര്, വയസ്സ്, ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ നല്‍കാം. ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.  അപ്ലോഡ് ചെയ്ത രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍  മൊബൈലില്‍  ലഭിച്ച എസ്.എം.എസ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധ രോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും  45 നു മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധ രോഗമില്ലാത്തവര്‍ക്കും ഉള്ള വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കും.

Leave Comment