മന്ത്രിസഭാ സത്യപ്രതിജ്ഞ ഇന്ന്

 

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഇന്ന് (മെയ് 20) വൈകിട്ട് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *