ജില്ലാ ആശുപത്രിയിലെ നവീകരിച്ച കൊവിഡ് വാര്‍ഡ് ഉദ്ഘാടനം ചെയ്തു

Spread the love

കണ്ണൂര്‍ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ സര്‍ക്കാരിനൊപ്പം ജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സക്കായുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എംഐസിയു വാര്‍ഡാണ് ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. വാര്‍ഡില്‍ നാലു വെന്റിലേറ്ററുകള്‍ക്ക് പുറമെ12 ഐസിയു കിടക്കകളും 30 ഓക്സിജന്‍ കിടക്കകളും ഓക്സിമീറ്ററുകള്‍, ഓക്സിജന്‍ വിതരണ ശൃംഖല, സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ ചെലവിലാണ് പഴയ വാര്‍ഡ് പുതുക്കി എംഐസിയു ആക്കി മാറ്റിയത്. ഏഴ് ദിവസം കൊണ്ടാണ് വാര്‍ഡ് ഒരുക്കിയത്. അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ക്കൊപ്പം രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി റെഡ് എഫ്എമ്മുമായി ചേര്‍ന്ന് മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വൈഎംസിഎ ഹൃദയാരാം കൗണ്‍സലിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സൗകര്യവും ഇവിടെയുണ്ടെന്നും അവര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, സിസ്റ്റര്‍ ജ്യോതി, വൈഎംസിഎ ഹൃദയാരാം ജില്ലാ ചെയര്‍മാന്‍ വി എം മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *