അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി

Spread the love

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശനം നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്രമീകരണങ്ങള്‍ക്കു പുറമേ രണ്ടുഘട്ടമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു സന്ദര്‍ശനം.

ആദ്യഘട്ടത്തില്‍ പുതിയതായി ആറ് ഐ.സി.യു ബെഡുകളും 46 ഐസലേഷന്‍ ബെഡുകളും ഒരുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 17 ഐ.സി.യു ബെഡുകളും 100 കോവിഡ് ഐസലേഷന്‍ ഓക്‌സിജന്‍ ബെഡുകളും ഒരുക്കാന്‍ ലക്ഷ്യമിടുന്നു.
നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആറ് ഐ.സി.യു ബെഡുകളും 28 ഐസലേഷന്‍ ബെഡുകളുമാണ് ഉള്ളത്. ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായവര്‍ക്കുള്ള പ്രത്യേക ഒ.പി പ്രവര്‍ത്തിച്ചുവരുന്നു. വാക്‌സിനേഷന്‍, കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ ക്രമീകരണങ്ങളും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആശുപത്രി സൂപ്രണ്ട് ഡോ.സുബഹന്‍, ചെസ്റ്റ് ഫിസിഷന്‍ ഡോ.എസ്.ജെ ജോളി, നഴ്‌സിംഗ് സൂപ്രണ്ട് കെ. ശോഭ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *