ചികിത്സാകേന്ദ്രങ്ങളും സമൂഹ അടുക്കളകളും വ്യാപകമാക്കി തദ്ദേശസ്ഥാപനങ്ങള്‍

post

കൊല്ലം : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും വ്യാപകമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍  അധ്യാപകരെ നിയോഗിച്ചു വരികയാണ്.  ജാഗ്രതാസമിതികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ശ്രമഫലമായി   പ്രതിരോധ മരുന്നുകളും ഉപകരണങ്ങളും കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിച്ചു നല്‍കുന്നുണ്ട്.

കോര്‍പ്പറേഷന്‍ പരിധിയിലെ  അയത്തില്‍ എ.ആര്‍.എം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമൂഹ അടുക്കള മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.  വടക്കേവിള, ഇരവിപുരം മേഖലകളിലും കോയിക്കല്‍, പാല്‍കുളങ്ങര, കോളേജ് ഡിവിഷന്‍, കിളികൊല്ലൂര്‍ എന്നിവിടങ്ങളിലുമാണ്  അടുക്കളയുടെ സേവനം ലഭ്യമാകുക. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി പി.കെ. സജീവ്, അഡീഷണല്‍ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

ചടയമംഗലം കുമ്മിള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 40 കിടക്കകളുള്ള ഡി.സി.സി. ഉടന്‍ സജ്ജമാകും.  ആദ്യഘട്ടമെന്ന നിലയില്‍ 20 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. നാല് തവണ കുമ്മിള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തി. സന്നദ്ധ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍  അണുനശീകരണം നടത്തി.  സമൂഹ അടുക്കള മുഖേന 215 പേര്‍ക്ക് നിത്യേന ഭക്ഷണം നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് കെ. മധു പറഞ്ഞു.

ശാസ്താംകോട്ട ചക്കുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇടയ്ക്കാട് യു.പി. സ്‌കൂള്‍  എന്നിവിടങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഡി.സി.സികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു. നിലവില്‍ പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലില്‍  30 കിടക്കകളോളോട് കൂടിയ ഡി.സി.സി. പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍,  പള്‍സ് ഓക്സിമീറ്റര്‍, എന്നിവ നല്‍കി. 45 സന്നദ്ധപ്രവര്‍ത്തകരെ കൂടാതെ  35 അധ്യാപകരെ   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി   നിയോഗിച്ചു.

പത്തനാപുരത്തെ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  26 അധ്യാപകരെ നിയമിച്ചു. പി.എച്ച്.സികളിലേക്കായി 21 പള്‍സ് ഓക്സിമീറ്ററുകള്‍ പഞ്ചായത്ത് വാങ്ങി നല്‍കി. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ 100 സാനിറ്റൈസറും നെബുലൈസറും നല്‍കി. കുര്യോട്ടുമല എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ നിലവില്‍ 70 രോഗികള്‍ ഉണ്ട്. ഇതുവരെ പഞ്ചായത്തില്‍ 15769 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. 7078 പേര്‍ക്ക് വാക്സിന്‍ നല്‍കി.

പുനലൂര്‍ നഗരസഭയുടെ പ്ലാച്ചേരി മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുകയും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തു. ജീവനക്കാര്‍ക്കാവശ്യമായ മരുന്നുകളും നല്‍കി. നഗരസഭാ ചെയര്‍ പേഴ്സണ്‍ നിമ്മി ഏബ്രഹാം, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി വസന്താ രഞ്ജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ പി.എ. അനാസ്, നഗരസഭ മൊബൈല്‍ ക്ലിനിക്ക്, താലൂക്ക് ആശുപത്രി പരിശോധനാ ടീം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. കൗണ്‍സിലര്‍ എന്‍. സുന്ദരേശന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ തസ്ലീമ ജേക്കബ്, നഗരസഭാ ഹെല്‍ത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എകദേശം 30 ടെസ്റ്റുകള്‍ നടത്തി.

 

Leave Comment