തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

Spread the love

തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് ആദ്യ വാരം തന്നെ ഒൻപത് കടൽത്തീര ജില്ലകൾക്ക് ചീഫ് എൻജിനിയർ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എറണാകുളം ജില്ലയ്ക്ക് 30 ലക്ഷം രൂപ അധികമായും നൽകി. ഇതിനു പുറമെ സംസ്ഥാനത്തെ 25 എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്ക് വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

                               

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ ഭാഗത്ത് ജിയോബാഗ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസം നീക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിന് സംസ്ഥാനത്തെ തോടുകൾ, മറ്റ് നീരൊഴുക്കുകൾ എന്നിവയിലെ തടസം നീക്കാൻ ജലസേചന വകുപ്പ് അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഴക്കാല പൂർവ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ. രാജീവ്, ആന്റണി രാജു, സജി ചെറിയാൻ എന്നിവർ സംയുക്തമായി അവലോകന യോഗം നടത്തിയിരുന്നു. ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *