ഫയലുകളിലെ കാലതാമസം ഒഴിവാക്കണം : മുഖ്യമന്ത്രി

Spread the love

post

സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും

തിരുവനന്തപുരം: ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ഒരാളുടെ കൈയില്‍ എത്രസമയം ഫയല്‍ വയ്ക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല.

സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്നങ്ങള്‍ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാന്‍ മുന്‍കൈയെടുക്കണം.

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തില്‍ അവലോകനം ചെയ്യും.

ഫയലുകളിലെ വിവരങ്ങള്‍ തല്‍പരകക്ഷികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഫയലിന് രഹസ്യ സ്വഭാവം വേണ്ടതുണ്ടെങ്കില്‍ അത് സൂക്ഷിക്കണം. വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങള്‍ ലഭ്യമാക്കാവൂ.

പി. എസ്. സി റാങ്ക്ലിസ്റ്റുകളില്‍ നിന്ന് പരമാവധി നിയമനം നടത്താന്‍ കഴിയുന്ന രീതിയില്‍ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ അര്‍ഹത നേടാത്ത സാഹചര്യത്തില്‍ ഹയര്‍ കേഡര്‍ ഒഴിവുകള്‍ ഡി-കേഡര്‍ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും. റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പി. എസ്. സിക്ക് വിടാത്ത നിയമനങ്ങള്‍ പി. എസ്. സിക്ക് വിടാന്‍ സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കേണ്ടതുണ്ട്.  ഇതിലെ പുരോഗതി സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്ന് നിര്‍ദേശം നല്‍കി.

പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ വരാതെ തന്നെ ലഭ്യമാക്കല്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത് എന്നിവയടക്കം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കര്‍മ്മപരിപാടികള്‍ എല്ലാം സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണം എന്ന് യോഗത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.  അതിനായി സേവന അവകാശ നിയമം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ സാധിക്കുന്നപ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാവണം. കൊച്ചി-ബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം-മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. സെമി ഹൈസ്പീഡ് റെയില്‍വേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *