സിക്കുക്കാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തതിനെ ചോദ്യം ചെയ്തു ഹര്‍ജി

Picture

അരിസോണ: തടവിനു ശിക്ഷിക്കപ്പെട്ട സിക്കുക്കാരന്റെ താടി നീക്കം ചെയ്ത അരിസോണ കറക്ഷന്‍ ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു അറ്റോണിമാര്‍ ഹര്‍ജി ഫയല്‍ ചെയ്തു. മേയ് 24ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിലാണു അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചത്. സിക്ക് മതവിശ്വാസമനുസരിച്ചു താടി വളര്‍ത്തുന്നത് തടയാനാകില്ലെന്നാണ് ഇവരുടെ വാദം.
Picture2
2020 ഓഗസ്റ്റ് 25ന് അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുവിധിക്കപ്പെട്ട സുര്‍ജിത് സിങ്ങിനാണ് തിക്താനുഭവം ഉണ്ടായത്. ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട കറക്ഷന്‍ ഓഫീസര്‍മാരോട് തന്റെ താടി വടിക്കരുതെന്ന് സുര്‍ജിത് സിങ് അപേക്ഷിച്ചു. എന്നാല്‍ ഓഫീസര്‍മാര്‍ ബലമായി താടിവടിക്കുകയായിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും അപമാനിതനായെന്നും ഇദ്ദേഹത്തിനു വേണ്ടി വാദിച്ച അറ്റോര്‍ണിമാര്‍ പരാതിയില്‍ പറയുന്നു.

ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സുര്‍ജിത് സിങ്ങിന് ദ്വിഭാഷിയെ അനുവദിച്ചില്ലെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ട്രക്ക് ഡ്രൈവറായിരുന്ന സുര്‍ജിത് സിങ് അശ്രദ്ധമായി വാഹനം ഓടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തിലാണു അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. സ്റ്റോപ് സൈനില്‍ വാഹനം നിര്‍ത്തുന്നതിനു ശ്രമിച്ചുവെന്നും, ബ്രേക്ക് തകരാറായതാണ് അപകടത്തിനു കാരണമെന്നു സുര്‍ജിത് സിങ് വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave Comment