കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

post

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത വിശദീകരിച്ചു.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഈ ഘട്ടത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവ് ആയാല്‍ അയാളെ ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇത്തരം രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ അനുവദിച്ചിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത്തരം നടപടികള്‍ കര്‍ശനമാക്കുന്നത്. കോവിഡ് നെഗറ്റീവായതിനു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ബ്ലോക്കടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവ വഴി ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ബോധവത്ക്കരണവും ശുചീകരണവും സംഘടിപ്പിക്കും. ജില്ലയില്‍ ഒറ്റപ്പെട്ട ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ അറിയിച്ചു.

ആദിവാസി മേഖലകളില്‍ വാക്സിനേഷന്‍ നടത്താന്‍ ആരോഗ്യ വകുപ്പ്, വാര്‍ഡ് മെമ്പര്‍ എന്നിവരടങ്ങുന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് ആരംഭിക്കുമെന്നും ആവശ്യമെങ്കില്‍ ജില്ലയില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.

Leave Comment