മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

post

മലപ്പുറം: കോവിഡ് 19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ കെ. കോപാലകൃഷ്ണന്‍ ഉത്തരവായി. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മെയ് ആറിലെ 404/2021, മെയ് 14 ലെ 416/2021, മെയ് 21 ലെ 432/2021 ഉത്തരവനുസരിച്ച് മറ്റു ജില്ലയില്‍ നിലവിലുളള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 12.34 ശതമാനമാണ് ശനിയാഴ്ച ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയത്. കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 16 മുതലാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് കോവിഡ് രോഗികളുടെ പൊതു സമ്പര്‍ക്കം കുറക്കാനായതിലൂടെയാണ് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരാനായത്. നിലവിലെ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായിതന്നെ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave Comment